
ജിദ്ദ: സൗദി അറേബ്യയ്ക്ക് പുറത്ത് നിന്നുള്ളവരുടെ റീ എൻട്രി വീസ നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയായി വർദ്ധിപ്പിക്കും. റീ എൻട്രി ഫീസ് പുതുക്കി നിശ്ചയിക്കാനായി ഗവൺമെന്റ് തീരുമാനിച്ചതായാണ് വിവരം. പ്രവാസി സൗദിയിൽ തന്നെയാണുള്ളതെങ്കിൽ റീ എൻട്രിക്ക് രണ്ട് മാസത്തേയ്ക്ക് 200 റിയാലാണ് ഫീസ്. കൂടാതെ ഓരോ അധികമാസത്തിനും 100 റിയാൽ ഫീസിനത്തിൽ ഈടാക്കും.
രാജ്യത്തിന് പുറത്താണുള്ളതെങ്കിൽ റീഎൻട്രി പുതുക്കാനായുള്ള പ്രതിമാസ ഫീസായ 100 റിയാൽ ഇരട്ടിയായി വർദ്ധിപ്പിച്ച് 200 റിയാലാക്കിയിട്ടുണ്ട്. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന് മാസത്തേക്ക് 500 റിയാലും ഒരോ അധിക മാസത്തിന് 200 റിയാലുമാണ് ഫീസ്. രാജ്യത്തിന് പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതിന്റെ ഇരട്ടിയായ 400 റിയാൽ നൽകേണ്ടി വരും. ഇഖാമക്ക് കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി നീട്ടി വാങ്ങാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത് ബാധകമാണ്.