
പെരിന്തൽമണ്ണ: കള്ളക്കടത്ത് സ്വർണം കവർച്ച നടത്താൻ ശ്രമിച്ച കേസിൽ തൃശ്ശൂർ കാക്കഞ്ചേരി സ്വദേശി നരിയംപുള്ളി വീട്ടിൽ ഗോകുൽ കൃഷ്ണ(24), പെരുമ്പിലാവ് സ്വദേശി കോട്ടപ്പുറത്ത് സനു(21) എന്നിവർ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോയമ്പത്തൂർ സുളൂരിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ ഇൻസ്‌പെക്ടർ
സി.അലവിയും സംഘവും കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യസൂത്രധാരനടക്കം അഞ്ചുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുതുതല സ്വദേശി മുഹമ്മദ് റഷാദ്, കൂടല്ലൂർ സ്വദേശി അബ്ദുൾ അസീസ്, മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ, വെളിയങ്കോട് സ്വദേശി സാദിഖ്, ചാവക്കാട് അൽതാഫ്ബക്കർ എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വിവരമറിഞ്ഞ് കോയമ്പത്തൂരിൽ ഒളിവിൽപോയ ഗോകുൽകൃഷ്ണ, സനു എന്നിവരെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും പിടിയിലായത്.
കഴിഞ്ഞ 26 നാണ് കോയമ്പത്തൂർ എയർപോർട്ട് വഴി വിദേശത്ത് നിന്നും നാട്ടിലേക്ക് വന്ന കാസർകോട് സ്വദേശിയുടെ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ ഒരു കിലോഗ്രാം സ്വർണമിശ്രിതം കവർച്ച നടത്താൻ സംഘം രണ്ട് കാറുകളിലായെത്തിയത്. കാപ്പുമുഖത്ത് നടന്ന കവർച്ചാശ്രമത്തിനിടെ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായ രണ്ടുപേരും. ഇരുവരും അടിപിടിക്കേസുകളിലും പ്രതിയാണ്. സനു മയക്കുമരുന്ന് കേസിൽ മാസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. കേസിലുൾപ്പെട്ട മറ്റു പ്രതികളെകുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്.
എസ്.ഐ എ.എം.യാസിർ, പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ. എം.എസ് രാജേഷ്,
ഉദ്യോഗസ്ഥരായ സക്കീർ ഹുസൈൻ, മുഹമ്മദ് സജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.