
തിരൂർ: തിരൂർ പോളിടെക്‌നിക് കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥിനിയെ എസ്.എഫ്.ഐക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ചതായി പരാതി. ഉണ്ണിയാൽ സ്വദേശി കമ്മുട്ടകത്ത് മനാഫിന്റെ മകളും കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്ത ഷംലയ്ക്കാണ് (21) പരിക്കേറ്റത്. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിൽ വെള്ളിയാഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും വിജയിച്ച യു.ഡി.എസ്.എഫ് പ്രവർത്തകരും വിജയികളും വിജയിച്ചതിന്റെ ആഹ്ലാദം പങ്കിടാനും നന്ദി അറിയിക്കാനും മധുര പലഹാരം ക്ലാസ് മുറികളിൽ വിതരണം ചെയ്യുന്നതിനിടെ മെക്കാനിക്കൽ മൂന്നാംവർഷ വിദ്യാർത്ഥികളുടെ ക്ലാസ് റൂമിൽ എത്തിയപ്പോൾ ഇവിടെ വച്ച് ഷമീമയ്ക്ക് നേരെ ഭാരമേറിയ വസ്തു കൊണ്ട് എറിയുകയും തലക്ക് പരിക്കേറ്റെന്നും എം.എസ്.എഫ് പ്രവർത്തകർ പറഞ്ഞു. ഷംലയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ തിരൂർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
എസ്.എഫ്.ഐ യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ ജാള്യത മറയ്ക്കാനും വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം തടയുക എന്ന ലക്ഷത്തോടെയാണ് ആക്രമമെന്ന് തിരൂർ മണ്ഡലം ജനറൽ സെക്രട്ടറി ആഷിക് മരക്കാർ പറഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകരെ പ്രകോപിപ്പിച്ച് ആക്രമം ഉണ്ടാക്കി കാമ്പസ് അന്തരീക്ഷത്തെ തകർക്കുകയാണ് യു.ഡി.എസ്.എഫിന്റെ ലക്ഷ്യമെന്നും വിദ്യാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചിട്ടില്ലെന്നും സാധാരണ ഉണ്ടാകാറുള്ള വാക്ക് തർക്കം മാത്രമാണ് നടന്നതെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.