 
മുസ്‌ലിം ലീഗ് ഇടതുപാളയത്തിലേക്ക് ചേക്കേറുമോ ? പല വിഷയങ്ങളിലും കോൺഗ്രസുമായി ലീഗിനുള്ള ഭിന്നതയിൽ കണ്ണുനട്ടാണ് ഈ ചോദ്യങ്ങൾ. മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നും രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നുമുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവനയോടെ ഈ ചോദ്യം വീണ്ടും കളത്തിൽ നിറയുന്നു. ഇ.എം.എസ് മന്ത്രിസഭയിൽ ലീഗുമായി ഒരുമിച്ച് ഭരിച്ച കാലം സി.പി.എം സംസ്ഥാന സെക്രട്ടറി ഓർമ്മിപ്പിക്കുകയും ചെയ്തു. കേരള രാഷ്ട്രീയത്തിലെ ലീഗിന്റെ താളുകൾ പരിശോധിച്ചാൽ ഈ പ്രസ്താവനയെ നിസാരമായി കാണാനുമാവില്ല.
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എം.വി.ഗോവിന്ദന് മാത്രമല്ല കേരളത്തിൽ മൊത്തമുള്ള അഭിപ്രായമാണെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുടെ പ്രതികരണം. ലീഗിന്റെ കഴിഞ്ഞകാല ചരിത്രവും പ്രവർത്തനവും പഠിക്കുന്ന ആർക്കും ഇക്കാര്യം വ്യക്തമാകും. എം.വി.ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിലേക്കുള്ള ക്ഷണമായി കാണുന്നില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ യാഥാർത്ഥ്യം പറയുക മാത്രമാണ് ചെയ്തതെന്നും സാദിഖലി തങ്ങൾ പറയുന്നു.
സി.പി.എമ്മിന്റെ മതേതര സർട്ടിഫിക്കറ്റിൽ സന്തോഷം പ്രകടിപ്പിച്ച് തന്നെയായിരുന്നു വിഷയത്തിൽ ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയോടെ കോൺഗ്രസുമായുള്ള ലീഗിന്റെ അകൽച്ചയുടെ ആഴം കൂടിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കാത്ത ലീഗ് ഇതെല്ലാം വിസ്‌മരിച്ച് കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. കോൺഗ്രസ് ദേശീയ നേതൃത്വമടക്കം ഇടപെട്ട് രംഗം ശാന്തമാക്കിയെങ്കിലും ലീഗിൽ കനൽകെട്ടിട്ടില്ല. മലബാർ പര്യടനത്തിനിടെ പാണക്കാട്ടെത്തിയ ശശി തരൂരിന്റെ പ്രത്യേക കൂടിക്കാഴ്ചയും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിന് ലീഗ് നല്‌കിയ പിന്തുണയും യു.ഡി.എഫ് രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ചു. ലീഗിന്റെ പിന്തുണകൂടി ആർജിച്ച ശശിതരൂർ വിവിധ ജില്ലകളിൽ പര്യടനം തുടർന്നപ്പോൾ അവഗണിച്ച കോൺഗ്രസ് നേതൃത്വത്തിന്റെ രീതിയും ലീഗിന് രസിച്ചില്ല. പരസ്യപോര് കനത്തതോടെ ഈ രീതിയിൽ മുന്നോട്ടുപോയാൽ കാഴ്ചക്കാരായി നിൽക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പ് കൂടി ലീഗ് നേതൃത്വം കോൺഗ്രസിനേകി. ഗവർണർക്കെതിരെയുള്ള ബില്ലടക്കം ചർച്ച ചെയ്യുന്ന നിയമസഭാ സമ്മേളനത്തിൽ കോൺഗ്രസിന്റെ അഭിപ്രായം അതേപടി തുടരേണ്ടതില്ലെന്ന് എം.എൽ.എമാരുടെ യോഗത്തിൽ ലീഗ് തീരുമാനിച്ചു. കോൺഗ്രസിനെ അസ്വസ്ഥമാക്കിയ ഈ തീരുമാനത്തിലൂടെ ലീഗ് ലക്ഷ്യമിടുന്നത് പലതാണ്. തുടർച്ചായി രണ്ടുവട്ടം അധികാരത്തിന് പുറത്തുനിൽക്കുന്നതിൽ മുസ്‌ലിം ലീഗിൽ കടുത്ത അതൃപ്തി പുകയുന്നുണ്ട്. അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള സാദ്ധ്യത കോൺഗ്രസിലെ ഗ്രൂപ്പ് പോര് ഇല്ലാതാക്കുന്നെന്ന വികാരവും ലീഗ് പ്രവർത്തകർക്കിടയിലും ശക്തമാണ്. ഇത് കണ്ടില്ലെന്ന് നടിക്കാൻ മുസ്‌ലിം ലീഗ് നേതൃത്വത്തിനാവില്ല. മുത്തലാഖ് ബില്ല് പാർലമെന്റിൽ എത്തിയപ്പോൾ കോൺഗ്രസ് നേതൃത്വമെടുത്ത അയഞ്ഞ സമീപനം ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും തുടർന്നെന്ന വിലയിരുത്തൽ ലീഗിനെ കൂടുതൽ അസ്വസ്ഥമാക്കിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തെ ലക്ഷ്യമിട്ട് രാജ്യസഭയിൽ പി.വി.അബ്ദുൽ വഹാബ് എം.പി തൊടുത്തുവിട്ട അസാധാരണ വിമർശനം ഒരുനിമിഷത്തെ വികാരത്തോടെയല്ല എന്നത് ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്.
ദേശീയ
നേതൃത്വത്തിനെതിരെ...
കോൺഗ്രസ് ദേശീയ നേതൃത്വത്തെ ചെറുവാക്ക് കൊണ്ടുപോലും ലീഗ് വിമർശിക്കാറില്ല. എന്നാൽ ഇതിന് വിപരീതമായ കാഴ്ചകളാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ഏകീകൃത സിവിൽ കോഡിൽ രാജ്യസഭയിൽ ബി.ജെ.പി സ്വകാര്യ ബില്ലവതരിപ്പിച്ചപ്പോൾ എതിർപ്പുന്നയിക്കാതെ കോൺഗ്രസ് വിട്ടുനിന്നു. എതിർക്കുന്നവരുടെ പട്ടിക വായിച്ചപ്പോഴും കോൺഗ്രസ് ഇല്ലായിരുന്നു. ഇതാണ് ലീഗിന് പ്രകോപിപ്പിച്ചത്. ലീഗ് അംഗം അബ്ദുൽ വഹാബ് തന്റെ പ്രസംഗത്തിനിടെ കോൺഗ്രസിനെ വിർമശിക്കുകയും ചെയ്തു. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും എം.പിമാർ ബില്ലിനെ എതിർത്ത് നോട്ടീസ് നൽകിയിരുന്നു. ലീഗിന്റെ കടുത്ത വിമർശനത്തിന് പിന്നാലെ കോൺഗ്രസ് എം.പിമാരായ ജെബി മേത്തറും എൽ.ഹനുമന്തയ്യയും ബില്ലിനെ എതിർത്ത് സംസാരിച്ചെങ്കിലും ഇതൊന്നും ലീഗിനെ തണുപ്പിച്ചിട്ടില്ല. ഗുജറാത്ത് തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ വന്ന സ്വകാര്യ ബില്ലിനെ മുസ്‌ലിം ലീഗ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ഗൗരവമേറിയ ഏകീകൃത സിവിൽ കോഡ് വിഷയം രാജ്യസഭയിൽ വന്നപ്പോൾ കോൺഗ്രസ് ശ്രദ്ധിക്കേണ്ടതുണ്ടതായിരുന്നു എന്നാണ് ഇന്നലെ മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാജ്യസഭയിൽ സ്വകാര്യ ബില്ല് വന്നപ്പോൾ എതിർത്ത് സംസാരിക്കാൻ കോൺഗ്രസിലെ ആരേയും കാണാത്തതാണ് പി.വി.അബ്ദുൽ വഹാബിന്റെ പരാമർശത്തിന് കാരണം. മറ്റ് വിലയിരുത്തലുകൾ വേണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി ഭാവിയിൽ കോൺഗ്രസടക്കമുള്ള മതേതര പാർട്ടികൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പുമേകി.
ദേശീയതലത്തിൽ ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് കെൽപ്പുള്ള മതേതര പ്രസ്ഥാനം കോൺഗ്രസാണെന്ന തുറുപ്പുചീട്ട് കാട്ടിയാണ് പാർട്ടിക്കകത്ത് ഉയരുന്ന അസ്വാരസ്യങ്ങളെ ലീഗ് നേതൃത്വം തടയുന്നത്. പ്രധാന വിഷയങ്ങളിൽ പോലും കോൺഗ്രസ് മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നെന്ന അമർഷം ലീഗിനുണ്ട്. ഇതാണ് രാജ്യസഭയിലെ പി.വി.അബ്ദുൽവഹാബിന്റെ വിമർശനത്തിലൂടെ പുറത്തുവന്നത്.
എം.വിയുടെ സന്തോഷവും
വിഡിയുടെ സങ്കടവും
മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചത്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ജനാധിപത്യപരമായി പ്രവർത്തിക്കുന്ന പാർട്ടിയായാണ് ലീഗിനെ സി.പി.എം കണ്ടിട്ടുള്ളത്. പാർട്ടി രേഖകളിലും ഇങ്ങനെയാണ് പറയുന്നത്. ഗവർണർക്ക് അനുകൂലമായ കോൺഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എം.വി.ഗോവിന്ദന്റെ ലീഗ് അനുകൂല പ്രസ്താവനകൾ. ഇടതുപക്ഷത്തിനു സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല. നിലപാടുകളുടെ അടിസ്ഥാനത്തിലാണ് അതു തീരുമാനിക്കുന്നത്. വർഗീയതയ്‌ക്കെതിരെ രാജ്യത്ത് ജനാധിപത്യ ചേരി രൂപപ്പെട്ടേ തീരൂ. അതിൽ ആരെല്ലാം സഹകരിക്കുന്നോ അവരുമായെല്ലാം കൈകോർക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞുവയ്ക്കുന്നു. വാക്കുകളിലെ ഈ കൃത്യത തന്നെയാണ് കോൺഗ്രസിനെ അസ്വസ്ഥമാക്കുന്നതും ലീഗിനെ ആവേശത്തിലാക്കുന്നതും.
ലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി.ഗോവിന്ദൻ തിരുത്തിയതിൽ സന്തോഷമുണ്ടെന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ പ്രസ്താവന സി.പി.എമ്മിനെ മാത്രമല്ല ലീഗിനെക്കൂടി ഉന്നമിട്ടാണ്. യു.ഡി.എഫിൽ കുഴപ്പങ്ങളുണ്ടാക്കാമെന്ന ധാരണയോടെയാണ് അടുപ്പത്ത് വെള്ളം വച്ചതെങ്കിൽ അതങ്ങ് വാങ്ങിവച്ചാൽ മതി. ആ പരിപ്പ് ഇവിടെ വേവില്ല. ലീഗ് യു.ഡി.എഫിന്റെ അഭിവാജ്യഘടകമാണെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സി.പി.എമ്മിന്റെ നീക്കങ്ങളോട് ലീഗിന്റെ പ്രതികരണം ഏറെ കരുതലോടെയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവനയെ വിമർശിക്കാതിരിക്കാൻ ലീഗ് നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ദേശീയതലത്തിൽ കോൺഗ്രസ് തകരുകയും സമീപകാലത്ത് തിരിച്ചുവരവ് അസാദ്ധ്യമെന്ന് വിലയിരുത്തപ്പെട്ടതും സംസ്ഥാനത്തെ കോൺഗ്രസിലെ വിഴുപ്പലക്കലുകളും ലീഗിലെ ഒരുകൂട്ടം നേതാക്കളുടെ ചിന്തകളെ ഇടത്തോട്ട് തിരിക്കുന്നുണ്ട്. സംസ്ഥാനത്ത് കോൺഗ്രസ് ക്ഷയിച്ചാൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് ആക്കം കൂടുമെന്നതും ഇടതുപക്ഷത്തേക്കുള്ള ചുവടുമാറ്റം ഇതിന് വഴിവയ്ക്കുമെന്നതുമാണ് ലീഗിനെ പിന്നോട്ടുവലിപ്പിക്കുന്നത്. ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന വിമർശനം ലീഗിന്റെ അടിത്തറയിലാവും ഇളക്കമുണ്ടാക്കുക. യു.ഡി.എഫിൽ ലീഗിന് കിട്ടുന്ന പ്രാധാന്യം എൽ.ഡി.എഫിൽ ഉണ്ടാവില്ലെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്. നിലവിൽ ഒരു ചുവടുമാറ്റത്തിന് ആഗ്രഹിക്കാത്ത ലീഗ്, ഇനിയൊരു തിരിച്ചടി ഉണ്ടായാൽ കൂടെയുണ്ടാവില്ലെന്ന മുന്നറിയിപ്പ് കൂടി കോൺഗ്രസിന് നൽകുന്നുണ്ട്.