മലപ്പുറം/ തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് യു.ഡി.എഫ് വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്താനുള്ള തന്ത്രമാണ് മുസ്ലിംലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം നിലപാടിനു പിന്നിലെങ്കിലും, ആ പരാമർശത്തെ
കോൺഗ്രസിലെ പോര് അവസാനിപ്പിക്കാനുള്ള സമ്മർദ്ദതന്ത്രമാക്കാൻ മുസ്‌ലിം ലീഗിൽ കരുനീക്കം. എൽ.ഡി.എഫിലേക്ക് പോവാനുള്ള അനുകൂല രാഷ്ട്രീയ കാലാവസ്ഥ നിലനിറുത്തി യു.ഡി.എഫിൽ സ്വാധീനം വിപുലപ്പെടുത്താമെന്നാണ് കണക്കുകൂട്ടൽ.
സി.പി.എമ്മിന്റെ ക്ഷണത്തെ തള്ളിപ്പറയില്ല. സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നതോ നിരാശപ്പെടുത്തുന്നതോ ആയ പ്രസ്‌താവനകളും നടത്തില്ല.
അധികാരത്തിൽ തിരിച്ചുവരാനുള്ള സാദ്ധ്യതയ്ക്ക് കോൺഗ്രസിലെ പോര് മങ്ങലേൽപ്പിക്കുന്നു എന്നാണ് ലീഗിന്റെ വിലയിരുത്തൽ. ഇന്ന് കൊച്ചിയിൽ ചേരുന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ഇക്കാര്യം ഗൗരവമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ലീഗിനുണ്ട്. സാമുദായിക ഘടകങ്ങളും ബി.ജെ.പിയുടെ സാന്നിദ്ധ്യവും പരിഗണിച്ച് യു.ഡി.എഫിൽ തുടരുന്നതാണ് നല്ലതെന്നാണ് ലീഗിന്റെ മുതിർന്ന നേതാക്കളുടെ നിലപാട്. യു.ഡി.എഫിൽ കിട്ടുന്ന സ്വീകാര്യത എൽ.ഡി.എഫിൽ ലഭിക്കില്ല. കോൺഗ്രസ് -എമ്മിന്റെ സ്ഥിതിയും ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് ക്ഷയിച്ചാൽ ബി.ജെ.പിയുടെ വളർച്ചയ്ക്ക് വഴിവച്ചേക്കുമെന്ന വിലയിരുത്തലും ലീഗിനുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയോടെ കോൺഗ്രസുമായുള്ള ലീഗിന്റെ അകൽച്ചയുടെ ആഴം കൂടിയിട്ടുണ്ട്. ശശി തരൂരിനെ ചൊല്ലിയുള്ള പരസ്യ പോര് കനത്തതോടെ ഈ രീതിയിൽ മുന്നോട്ടുപോയാൽ കാഴ്ചക്കാരായി നിൽക്കില്ലെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം കോൺഗ്രസിനേകി. തുടർച്ചയായി രണ്ടുവട്ടം അധികാരത്തിന് പുറത്തുനിൽക്കുന്നതിൽ ലീഗിൽ കടുത്ത അതൃപ്തി പുകയുന്നുണ്ട്. ദേശീയതലത്തിൽ കോൺഗ്രസിനേൽക്കുന്ന തിരിച്ചടികളും ലീഗിലെ ഒരുകൂട്ടം നേതാക്കളുടെ ചിന്തകളെ ഇടത്തോട്ട് തിരിക്കുന്നുണ്ട്. മുത്തലാഖ് ബില്ലിലെന്ന പോലെ ഏക സിവിൽ കോഡിന്റെ കാര്യത്തിലും കോൺഗ്രസ് തണുപ്പൻ സമീപനമേ സ്വീകരിക്കൂവെന്ന വിലയിരുത്തലും ലീഗിനെ കൂടുതൽ അസ്വസ്ഥമാക്കുന്നു.
ആശ്വസിച്ച് കോൺഗ്രസ്
ലീഗിന് ആരുടെയും ക്ഷണമാവശ്യമില്ലെന്നും യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചതിലാണ് കോൺഗ്രസിന് ആശ്വാസം. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ലീഗിന്റെ സജീവപങ്കാളിത്തമുണ്ടായിരുന്നതും സംസ്ഥാന കോൺഗ്രസ് നേതൃത്വം എടുത്തുപറയുന്നു. എന്നാൽ, സി.പി.എമ്മിന്റെ നിലപാടുമാറ്റത്തെ ഗൗരവമായിക്കണ്ട് പരിഹാരം കാണണമെന്നാണ് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ കെ.മുരളീധരൻ നേതൃത്വത്തിന് നൽകിയ മുന്നറിയിപ്പ്.
`ലീഗിനെ ക്ഷണിച്ചതല്ല. മതേതര നിലപാടിനെ സ്വാഗതം ചെയ്തതാണ്. എന്നാൽ ആർക്കുമുന്നിലും ഇടതുമുന്നണി വാതിൽ കൊട്ടിയടച്ചിട്ടുമില്ല. യു.ഡി.എഫ് വിട്ടുവരുന്നവർക്ക് എപ്പോഴും സ്വാഗതം.
- എം.വി. ഗോവിന്ദൻ,
സി.പി.എം സംസ്ഥാന സെക്രട്ടറി
# കഴിഞ്ഞ തിരഞ്ഞെടുപ്പിലും
സി.പി.എം പയറ്റി വിജയിച്ചു
ബി.ജെ.പിയെ എതിർക്കുന്നതിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആലസ്യം ന്യൂനപക്ഷങ്ങളിൽ സൃഷ്ടിച്ച അസംതൃപ്തി മുതലെടുക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരളവോളം പരീക്ഷിച്ച് വിജയിച്ചതാണ് ഈ തന്ത്രം.
ഏക സിവിൽകോഡിനെ തുടക്കംമുതൽ ശക്തിയുക്തം എതിർത്തത് കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാരാണ്. കിഴിഞ്ഞ ദിവസം സ്വകാര്യ ബിൽ വന്നപ്പോൾ ജെബി മേത്തറുടെ ഇടപെടൽ കൂടിയില്ലായിരുന്നെങ്കിൽ കോൺഗ്രസിന് കനത്ത ക്ഷീണമായേനെ. മുസ്ലിം ന്യൂനപക്ഷമേഖലയിൽ ഇതെല്ലാമുളവാക്കുന്ന വികാരങ്ങളെ ഏറ്റുപിടിച്ച് അതുവഴി ലീഗിൽ നിന്നുൾപ്പെടെ വിമത സ്വരമുള്ളവരുടെ വോട്ട് അടർത്താമെന്ന് സി.പി.എം കരുതുന്നു.