
മലപ്പുറം: ഫണ്ട് അനുവദിച്ചത് കാണിച്ച് ഇരുപാർട്ടികളും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും റോഡിന്റെ ശനിദശ മാറിയില്ല. പുലാമന്തോൾ ഏലംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ടി.എൻ. പുരം മില്ലുംപടി മലറോഡ് ബൈപാസ് റോഡിനാണ് തീരാ ദുർവിധി. റോഡിനായി 55 ലക്ഷം രൂപ പാസായത് മുസ്ലിം ലീഗിന്റെ ഇടപെടലിലാണെന്ന് കാണിച്ച് ലീഗും പൊതുജനങ്ങളിൽ നിന്ന് ഒപ്പ് ശേഖരിച്ചതിന്റെയും ബഹുജന രോഷത്തിന്റെയും ഫലമാണെന്ന് പറഞ്ഞ് സി.പി.എമ്മും ഫ്ലക്സ് ബോർഡുകൾ ഉയരത്തിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉയർന്ന് നിൽക്കുന്ന കല്ലുകൾക്കും വലിയ കുഴികൾക്കും റോഡിൽ ക്ഷാമമില്ല.
കഴിഞ്ഞ ദിവസം ഇവിടെ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. ഇരുചക്ര വാഹനത്തിലും ഓട്ടോറിക്ഷയിലുമൊക്കെയുള്ള യാത്രയാണ് ഏറെ ദുഷ്കരം. വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുന്നതായി സ്ഥിരം ഈ വഴി ഉപയോഗിക്കുന്ന ഓട്ടോ തൊഴിലാളികൾ പറയുന്നു.
പുലാമന്തോളിൽ നിന്നും അങ്ങാടിപ്പുറത്തേക്ക് വേഗത്തിലെത്താനായി ഉപയോഗിക്കാവുന്ന റോഡാണിത്. എന്നാൽ പൊളിഞ്ഞു കിടക്കുന്ന ഈ മൂന്ന് കിലോമീറ്റർ റോഡിലൂടെ ഇപ്പോൾ യാത്രചെയ്താൽ സമയം ഇരട്ടിവേണ്ടിവരും. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്കെത്താനും എം.ഇ.എസ് ആശുപത്രിയിലേക്കെത്തുന്നതിനുമൊക്കെ മില്ലുംപടിയിൽ നിന്നുള്ള ഈ റോഡ് ഉപയോഗിക്കാവുന്നതാണ്. അങ്ങാടിപ്പുറത്തു നിന്ന് കൊപ്പം വഴി തൃശൂരിലേക്ക് പോകുന്നതിന് കിലോമീറ്ററുകൾ ലാഭിക്കാനും കഴിയും. സ്കൂൾ, മദ്രസാ വിദ്യാർത്ഥികൾ, ഗർഭിണികൾ, മറ്റ് യാത്രക്കാർ എന്നിവർക്കെല്ലാം വലിയ ദുരിതമാണ് ഈ റോഡിലൂടെയുള്ള യാത്ര.അതേസമയം ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് പാസായിട്ടുണ്ടെന്നും എസ്റ്റിമേറ്റ് ഉടനെ സമർപ്പിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.