bb

തിരൂരങ്ങാടി: കൈപ്പടയിൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആനുമായി മലപ്പുറം ചെറുമുക്ക് സ്വദേശി മാട്ടുമ്മൽ മുഹമ്മദ് ജസീം. 1220 മീറ്റർ നീളമുള്ള ഖുർആൻ കാലിഗ്രാഫിയുടെ പ്രദർശനം 17ന് കോഴിക്കോട് ബീച്ചിൽ നടക്കും. ഗിന്നസ് വേൾഡ് റെക്കാഡിൽ നിലവിലെ പേരുകാരനായ ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയേലിന്റെ 700 മീറ്റർ റെക്കാഡ് മറികടന്നാണ് കാലിഗ്രാഫർ കൂടിയായ മുഹമ്മദ് ജസീം ചെറുമുക്ക് ഖുർആൻ എഴുതി പൂർത്തിയാക്കിയത്. ഗിന്നസ് വേൾസ് റെക്കാഡ് അധികൃതർ ചെറുമുക്കിലെത്തി ജസീമിന്റെ ഖുർആൻ പരിശോധിച്ചിരുന്നു. പുതിയ റെക്കാഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ജസീം.

രണ്ടുകൊല്ലം കൊണ്ടാണ് ജസീം ഖുർആൻ കാലിഗ്രാഫി ശൈലിയിൽ എഴുതിതീർത്തത്. 55.5 സെന്റീമീറ്റർ നീളവും 35 സെന്റീമീറ്റർ വീതിയുമുള്ള കടലാസിൽ എഴുതി ഇൻസുലേഷൻ ടേപ്പ് കൊണ്ട് ഒട്ടിച്ച് നീളത്തിൽ കൂട്ടിച്ചേർക്കുകയായിരുന്നു. എഴുത്ത് പൂർത്തീകരിച്ചതിന് ശേഷം ഖുർആൻ മനഃപാഠമാക്കിയ പ്രമുഖ പണ്ഡിതന്മാർ ഇതിനോടകം പരിശോധന നടത്തിയിട്ടുണ്ട്. ജസീം കുട്ടിക്കാലം തൊട്ട് വരയിലും പിന്നീട് കാലിഗ്രഫിയിലും താൽപര്യമുള്ള വിദ്യാർത്ഥിയായിരുന്നു. ചെമ്പ്ര ഈഖാളു ത്വലബ ദർസിൽ പഠിക്കുന്ന കാലത്താണ് കാലിഗ്രഫിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.സംസ്ഥാന തലങ്ങളിലടക്കം നടന്ന വിവിധ മത്സരങ്ങളിൽ ഇതിനോടകം മികച്ച പ്രകടനം ജസീം കാഴ്ച വച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ജസീമിന്റെ കീഴിൽ കോച്ചിങ്ങും നടത്തി വരുന്നുമുണ്ട്.

ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി മാട്ടുമ്മൽ മൊയ്തീൻ ആസിയ ദമ്പതികളുടെമകനാണ് മാട്ടുമ്മൽ ജസീം