
നിലമ്പൂർ: ക്രിസ്മസ് അടുത്തതോടെ തെരുവോരങ്ങളിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങളുമായി തെരുവു കച്ചവടക്കാർ സജീവമായി. രാജസ്ഥാനിൽ നിന്നുള്ളവരാണ് ഇവർ തന്നെ നിർമ്മിക്കുന്ന മുഖംമൂടികളും വസ്ത്രങ്ങളുമായി തെരുവോരങ്ങളിലെത്തുന്നത്.
ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങൾക്കും ആഘോഷം സംഘടിപ്പിക്കുന്നവർക്കും ഒഴിച്ചു കൂടാനാവാത്തതാണ് സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പൻ. ഇതിനായുള്ള വേഷവിതാനങ്ങളാണ് ഇതരസംസ്ഥാനക്കാർ മേഖലയിലെത്തിച്ചു വിൽപ്പന നടത്തുന്നത്.
മുഖംമൂടിയും തൊപ്പിയും കുപ്പായവും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തുണി ഉപയോഗിച്ച് ഇവർതന്നെ നിർമ്മിക്കുന്നവയാണിതെല്ലാം. ഒരിടത്തെത്തി താമസിച്ചാണ് ഇവർ ഇവ തയ്യാറാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് ഇവ പലരും വാങ്ങുന്നത്. ഡിസംബറിലെ ആദ്യദിനങ്ങളായതിനാൽ വിൽപ്പന കുറവാണ്. സ്കൂളുകളിലും ക്ലബുകളിലും ക്രിസ്മസ് ആഘോഷങ്ങൾ തുടങ്ങുന്നതോടെ കൂടുതൽ വിൽപ്പന നടക്കും. ഈ മാസം 25 വരെ ഇവർ ഇത്തരത്തിൽ തെരുവോരങ്ങളിലുണ്ടാകും. കോഴിക്കോടാണ് ഇവരുടെ പ്രധാന കേന്ദ്രം.വഴി യോരകച്ചവട തൊഴിലാളി യൂണിയനിലും അംഗങ്ങളാണിവർ.