മലപ്പുറം: മാൻഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അപ്രതീക്ഷിതമായെത്തിയ മഴയും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനവും കാരണം രണ്ടാംപാദ വാർഷിക പരീക്ഷ മഴയിലാകുമോ എന്ന് ആശങ്ക. ജില്ലയിൽ അഞ്ചാം പനി വ്യാപനമുള്ളതിനാൽ സ്കൂളുകളിൽ അതീവ ശ്രദ്ധചെലുത്താനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തുടരുമ്പോഴാണ് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റവും വില്ലനാകുന്നത്. ഡിസംബറിലെ തണുപ്പിനൊപ്പം ഇടയ്ക്ക് കനത്തും അല്ലാത്തപ്പോൾ മൂടിക്കിടക്കുന്ന അന്തരീക്ഷത്തോടെ ചാറ്റൽ മഴയുമുള്ളത് രോഗങ്ങൾ കൂടാൻ ഇടയാക്കുമോ എന്ന ആശങ്കയ്ക്കും കാരണമാകുന്നു.

ഇന്നലെ ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. 15-ാം തീയതിവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ മുതൽ ഹയർസെക്കൻഡറിക്കാർക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. 14 മുതൽ ഹൈസ്കൂൾ കുട്ടികൾക്ക് പരീക്ഷ തുടങ്ങും. അഞ്ചാം പനി പ്രതിരോധ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ ആരോഗ്യ വകുപ്പ് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ചെറിയ പനിയും മറ്റ് രോഗ ലക്ഷണങ്ങളുള്ളവരും പരീക്ഷയായതിനാൽ സ്കൂളുകളിലെത്തും. രോഗലക്ഷണങ്ങളുള്ളവരെ കൂട്ടത്തിൽ നിന്നും മാറ്റിയിരുത്തി പരീക്ഷ എഴുതിക്കണമെന്ന നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകുന്നുണ്ട്. മഴ 15ന് ശേഷവും തുടരുകയാണെങ്കിൽ പരീക്ഷക്കാലത്ത് അഞ്ചാംപനിക്കൊപ്പം കാലാവസ്ഥാ മാറ്റത്തേയും ജില്ല നേരിടേണ്ടിവരും.

അഞ്ചാം പനി കേസുകളിൽ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒമ്പത് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആക്ടീവായി 152 കേസുകളാണുള്ളത്. കേസിൽ കുറവ് വരുന്നുണ്ടെങ്കിലും മാസ്ക്, വാക്സിൻ പോലുള്ള പ്രതിരോധ നടപടികൾ തുടരണം. കാലാവസ്ഥയിലെ മാറ്റം രോഗസാഹചര്യമൊരുക്കും. പരീക്ഷക്കാലമായതിനാൽ സ്കൂൾ അധികൃതർ കൂടുതൽ ശ്രദ്ധചെലുത്തണം.

- ആർ. രേണുക, ഡ‌ി.എം.ഒ

കെ.എസ്.ഇ.ബിക്കും പാരയായി മഴ

ഫുട്ബാൾ ലോകകപ്പ് മത്സരങ്ങൾ ബാക്കിയുള്ള സമയത്ത് മഴ തുടരുന്നത് കെ.എസ്.ഇ.ബിക്കും പണിയാണ്. പോരാട്ടം അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ഇനി നടക്കാനുള്ള രണ്ട് സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ കാത്തിരിക്കുകയാണ് ഫുട്ബാൾ പ്രേമികൾ. രാത്രിയിലാണ് മത്സരമെന്നതും ഇതിനിടയിൽ മഴ പെയ്യുന്നതുമാണ് കെ.എസ്.ഇ.ബിക്ക് വെല്ലുവിളിയാകുന്നത്. എതെങ്കിലും സാഹചര്യത്തിൽ വൈദ്യുതി തടസപ്പെടുന്നത് മത്സരങ്ങൾ കാണാനിരിക്കുന്നവരിൽ നിന്നും പ്രതിഷേധത്തിനിടയാക്കും. മരക്കൊമ്പുകൾ വീണോ കാറ്റ് വീശിയോ മറ്റേതെങ്കിലും സാഹചര്യത്തിലോ രാത്രി മത്സരത്തിനിടെ വൈദ്യതി തടസപ്പെട്ടാൽ പെട്ടെന്ന് പുനഃസ്ഥാപിക്കേണ്ടി വരുമെന്ന വെല്ലുവിളിയാണ് കെ.എസ്.ഇ.ബിക്കുള്ളത്.