
നിലമ്പൂർ: ജനവാസമേഖലയിൽ കാട്ടാനയിറങ്ങി കൃഷിനാശമുണ്ടാക്കുന്നതിന് അറുതിയാവുന്നില്ല.വടപുറം താളിപ്പൊയിലിൽ ഒരു വർഷത്തിനിടെ ഏഴു തവണയാണ് ഒരേ കൃഷിയിടത്തിലെത്തി നാശമുണ്ടാക്കിയത്. അധികൃതരുടെ ഉറപ്പുകളെല്ലാം പാഴ് വാക്കുകളാവുകയാണെന്ന് കർഷകർ പറയുന്നു.
താളിപ്പൊയിലിൽ പി.എച്ച്.സിദ്ദിഖ്, പി.എച്ച്. അബ്ദുസമദ് എന്നിവരുടെ പുരയിടത്തിൽ കഴിഞ്ഞ ദിവസം കയറിയ കാട്ടാനയുണ്ടാക്കിയത് ഏകദേശം രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടമാണ്.ശരാശരി 40 കിലോയോളം തൂക്കമുള്ള കുലകളുൾപ്പെടെയുള്ള 200 ഓളം വാഴകളും കമുക്, കപ്പഎന്നിവയും ആന നശിപ്പിച്ചിട്ടുണ്ട്.പന്നിശല്യം തടയാൻ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച വേലിയും പലയിടങ്ങളിലും കാട്ടാന തകർത്തു. കായ്ഫലമുളള 40 ഓളം തെങ്ങുകളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇവിടെ കാട്ടാനകളെത്തി നശിപ്പിച്ചത്. പരാതികൾ നൽകിയെങ്കിലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു.
പരാതി ലഭിച്ച് ഒരാഴ്ചക്ക് ശേഷം മാത്രമാണ് പരിശോധനയ്ക്കെത്തുന്നതെന്നും അപ്പോഴേക്ക് നശിച്ച വാഴകൾ ഉണങ്ങിപ്പോയിരിക്കുമെന്നും ഇവർ പറയുന്നു. നഷ്ടപരിഹാരത്തിന് ഫണ്ടില്ലെന്ന മറുപടി മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം എം.എൽ.എ ക്ക് അധികൃതർ നൽകിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും കർഷകർ പറയുന്നു.