field

മലപ്പുറം: സപ്ലൈകോ വഴി നടപ്പിലാക്കുന്ന രണ്ടാം വിള നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചെങ്കിലും ആശങ്കയൊഴിയാതെ കർഷകർ. രണ്ടാംവിള കൃഷി ആരംഭിച്ചപ്പോൾ തൊട്ട് കാലാവസ്ഥയിലെ മാറ്റവും ഇടയ്ക്കിടെ കാലം തെറ്റി പെയ്യുന്ന മഴയും ഇത്തവണത്തെ കൃഷിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ഭീതിയിലാണവർ. പ്രളയത്തിലും മറ്റും തോടുകളിലും ചെറുകാനകളിലും അടിഞ്ഞുകൂടിയിട്ടുള്ള മണ്ണ് ഇതുവരെ നീക്കം ചെയ്യാത്തത് പലഭാഗത്തും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. അപ്രതീക്ഷിതമായെത്തുന്ന മഴയിൽ വെള്ളം ഒഴുകിപ്പോകാതെ വയലുകളിൽ നിൽക്കുന്നത് നെല്ല് വെള്ളത്തിനടിയിലാകുന്നതിന് കാരണമാകുന്നു. വെള്ളം നിറഞ്ഞ പാടങ്ങളിൽ കൊയ്ത്ത് യന്ത്രങ്ങൾ ഇറക്കാൻ കഴിയാത്തതും കർഷകർ നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇടമഴയെത്തിയതോടെ മോട്ടോർ ഉപയോഗിച്ച് പാടങ്ങളിൽ നിന്ന് വെള്ളം നീക്കുന്നുണ്ടെങ്കിലും പൂർണ്ണതോതിൽ വെള്ളം ഒഴിവാക്കാനാവുന്നില്ല.

കൊയ്യുന്നതിന് സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അതിനുള്ള ചെലവ് കർഷകരാണ് പൂർണ്ണമായും വഹിക്കുന്നതെന്നും സർക്കാർ സഹായമില്ലെന്നും കർഷകർ പറയുന്നു. നെല്ല് സംഭരണത്തിനായി ലോറിയിലേക്ക് നെല്ല് കയറ്റുന്നതിന് തൊഴിലാളികൾക്കുള്ള കൂലി കർഷകരിൽ നിന്നും ഈടാക്കുന്നുണ്ട്. സ‌ർക്കാരിന്റേതായി ആനക്കയം, തവനൂർ കാർഷിക ഫാമുകളിൽ കൊയ്ത്ത് യന്ത്രങ്ങളുണ്ടെങ്കിലും അത് കൃത്യമായി കർഷകർക്ക് ഉപയോഗപ്പെടുത്താനാവുന്നില്ല. അവിടെ നിന്നും കൊയ്ത്ത് യന്ത്രങ്ങൾ തിരൂരങ്ങാടി, ചെറുമുക്ക് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതിന് 7500 രൂപ വാഹനവാടകയാവും. കൊയ്ത്ത് യന്ത്രങ്ങളെത്തിക്കാൻ സർക്കാരിന്റേതായി വാഹനം തയ്യാറാക്കിയാൽ സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്ന് കർഷകർ പറയുന്നു. സ്വകാര്യ കൊയ്ത്ത് യന്ത്രങ്ങളേക്കാൾ ചെലവ് സ‌ർക്കാരിന്റെ കൊയ്ത്ത് യന്ത്രങ്ങൾ ഉപയോഗിക്കുമ്പോൾ വരുന്നുണ്ടെന്നാണ് കർഷകരുടെ പരാതി.

രണ്ടാംവിള കൃഷിക്കിടെയുള്ള പ്രശ്നങ്ങൾ മാറുമെന്ന് തന്നെയാണ് പ്രതീക്ഷ. കാലാവസ്ഥ വ്യതിയാനം കൊണ്ടുള്ള പ്രതിസന്ധിക്ക് സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി നൽകാനും സർക്കാർ ശ്രദ്ധചെലുത്തണം. ജൈവവളത്തിനും രാസവളത്തിനും വിലവർദ്ധിക്കുന്നതും മറ്റൊരു ബുദ്ധിമുട്ടാണ്.

- മരയ്ക്കാരുട്ടി അരീക്കാട്ട്, ചെറുമുക്ക് പാടശേഖര സമിതി കൺവീനർ

രജിസ്ട്രേഷൻ 15ന് ആരംഭിച്ചു

സപ്ലൈകോ വഴി നടപ്പിലാക്കുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2022- 23 രണ്ടാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ 15 മുതൽ ആരംഭിച്ചു. സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടലിലാണ് www.supplycopaddy.in കർഷകർ രജിസറ്റർ ചെയ്യേണ്ടത്. വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.