
തേഞ്ഞിപ്പലം: കൂടുതൽ ഒളിമ്പിക്‌സ് താരങ്ങളെ സംഭാവന ചെയ്യാവുന്ന തരത്തിൽ കാലിക്കറ്റ് സർവകലാശാലയുടെ കായിക സൗകര്യങ്ങൾ വർദ്ധിച്ചു വരികയാണെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ്. സർവകലാശാലാ സ്‌റ്റേഡിയത്തിൽ അന്തർകലാലയ അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം പുരോഗമിക്കുന്ന കായിക പഠനവകുപ്പിന്റെ പുതിയ കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സർക്കാർ പ്രഖ്യാപിച്ച സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട്, പുതിയ പവലിയൻ എന്നിവയെല്ലാം കായികതാരങ്ങൾക്ക് മെച്ചമാകുമെന്ന് അദ്ദേഹം പറഞ്ഞു. മേളയുടെ പതാകയുയർത്തലും വൈസ് ചാൻസലർ നിർവഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ദേവഗിരി കോളേജ് പ്രിൻസിപ്പൽ ഡോ. ബോബി ജോസ് അദ്ധ്യക്ഷനായി. സിൻഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ്, ഫാ. ബോണി അഗസ്റ്റിൻ, ദേവഗിരി കോളേജ് മാനേജർ ഫാ. ഡോ. ബിജു ജോസഫ് ചക്കാലയിൽ, കായികാദ്ധ്യാപക സംഘടനാ പ്രസിഡന്റ് ഡോ. കെ.എസ്. ഹരിദയാൽ, എം.കെ. ഹരി, കെ. ഷിബിൻ, ഡോ. രേഖാ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
152 കോളേജുകളിൽ നിന്നായി 1500ലധികം താരങ്ങളാണ് 46 ഇനങ്ങളിലായി മത്സരത്തിനുള്ളത്. ഇത്തവണയും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് പ്രത്യേകമായി മത്സരമുണ്ട്. 16ന് വൈകീട്ട് മൂന്നരക്കാണ് സമാപനം.