
തിരൂർ : തിരൂർ - മലപ്പുറം പാതയിൽ തലക്കടത്തൂർ മുതൽ കുറ്റിപ്പാല വരെ ഏഴു കിലോമീറ്ററോളം റോഡ് തകർന്നു തരിപ്പണമായിട്ട് ഏറെക്കാലമായി. റോഡിന്റെ വീതി കൂട്ടിയും ഉയർത്തിയും നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ട് ഒന്നര വർഷത്തോളമായമായെങ്കിലും എങ്ങുമെത്തിയിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ റോഡിന്റെ ഇരുവശത്തും ഒരു മീറ്റർ വിട്ട് 5 മീറ്റർ വീതിയിൽ ഒരു ലെയർ ടാറിംഗ് നടത്തിയിരുന്നു. പക്ഷേ, അഞ്ച് മാസമേ ആയുസുണ്ടായുള്ളൂ. നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ കുഴികളടച്ച് താത്കാലികമായി ഗതാഗത യോഗ്യമാക്കി. വൈകാതെ അടച്ച കുഴികൾ വീണ്ടും പൂർവ്വസ്ഥിതിയിലായി.
തിരൂരിൽ നിന്നും രോഗികളുമായി കോട്ടയ്ക്കലിലെയും പെരിന്തൽമണ്ണയിലെയും സ്വകാര്യ ആശുപത്രികളിലേക്ക് ആംബുലൻസുകൾ കടന്നു പോകുന്നത് ഈ പാതയിലൂടെയാണ്. ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ച കുഴികളും പണി പൂർത്തീകരിക്കാനെടുക്കുന്ന കാലതാമസവുമാണ് റോഡുകൾ ഇത്രയും പരിതാപകരമാവാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കൂടാതെ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നതിനാൽ ടാറിംഗും താത്കാലികമായി കൊണ്ടിട്ട കല്ലും മണ്ണും ഇളകുന്നതും വലിയ കുഴികൾക്ക് കാരണമാവുന്നു. ഈ പാതയിലെ പ്രധാന അങ്ങാടിയായ വൈലത്തൂരിൽ സ്ഥിരമായി വാഹന ഗതാഗത തടസം കാരണം മണിക്കൂറുകൾ കാത്തു കിടക്കേണ്ട അവസ്ഥയുണ്ട്. അറ്റകുറ്റപ്പണികൾ ഊർജ്ജിതമാക്കി പ്രശ്നത്തിന് വേഗം പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രക്ഷയില്ല
ഒഴിവു ദിവസമായ ഇന്നലെയും വലിയ ഗതാഗതക്കുരുക്കാണ് ഈ പാതയിൽ ഉണ്ടായത്. സബ് ജഡ്ജിന്റെ വാഹനമടക്കം ഇന്നലെ വൈലത്തൂർ അങ്ങാടിയിലുണ്ടായ ഗതാഗതക്കുരുക്കിൽ പെട്ട് ഒരുപാടു നേരം കാത്തു കെട്ടി കിടക്കേണ്ടി വന്നു.