
നീറി പുകഞ്ഞ് ജില്ലാ കലോത്സവത്തിലെ നാടക വിധിനിർണ്ണയം
മലപ്പുറം: ജനുവരി മൂന്നു മുതൽ ഏഴുവരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുമ്പോഴും ജില്ലാ കലോത്സവത്തിലെ പരാതികൾ തീരുന്നില്ല.
ജില്ലാ കലോത്സവത്തിലെ ഹൈസ്‌കൂൾ വിഭാഗം നാടക മത്സര വിധിനിർണ്ണയത്തിൽ വ്യക്തി വൈരാഗ്യം നടന്നതായാണ് ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി മത്സരാർത്ഥികൾ ബാലാവകാശ കമ്മിഷനും വിദ്യാഭ്യാസ ഉപ ഡയറക്ടർക്കും കഴിഞ്ഞ ദിവസം പരാതി നൽകി.
നാടക സംവിധായകനോടുള്ള വ്യക്തിവൈരാഗ്യം മുൻനിറുത്തി മൂന്ന് വിധികർത്താക്കളിൽ ഒരാൾ മാർക്കിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി കൊട്ടൂക്കര പി.പി.എം എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കൊണ്ടോട്ടി ഉപജില്ലയെ പ്രതിനിധീകരിച്ചെത്തിയ ഈ സ്കൂളിന് വിധി പ്രഖ്യാപിക്കപ്പെട്ടപ്പോൾ മൂന്നാം സ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്.
രണ്ടുപേർ നൽകിയത് ഒന്നാം സ്ഥാനം, ഒരു വിധികർത്താവ് പത്ത്
രണ്ട് വിധികർത്താക്കൾ നാടകത്തിന് ഒന്നാം സ്ഥാനം നൽകിയപ്പോൾ ഒരു വിധികർത്താവ് പത്താം സ്ഥാനമാണ് നൽകിയത്. ഒരു വിധികർത്താവ് നൽകിയ മാർക്ക് വളരെ കുറഞ്ഞതിനാലുണ്ടായ വ്യത്യാസം തങ്ങളുടെ നാടകം മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെടാനിടയാക്കിയെന്നാണ് ആക്ഷേപം. ഇതോടെ സംസ്ഥാന കലോത്സവത്തിന് യോഗ്യതയുണ്ടായിട്ടും മത്സരിക്കാനുള്ള ആവകാശം നഷ്ടമാക്കിയെന്നും വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു.
തുടർന്ന് വിദ്യാർത്ഥികൾ പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ അപ്പീൽ നൽകുകയും മലപ്പുറം ഡി.ഡി ഓഫീസിൽ അപ്പീൽ ഹിയറിംഗിനായി ഡിസംബർ എട്ടിന് പോകുകയും ചെയ്തു. അവിടെ വച്ച് മാർക്ക് ലിസ്റ്റ് പരിശോധിച്ചു. അതിൽ ജഡ്ജസിലെ രണ്ടുപേർ നാടകത്തിന് കൂടുതൽ മാർക്ക് നൽകിയിട്ടുണ്ടെന്നും ഒരാൾ മാത്രം എ ഗ്രേഡിന് ആവശ്യമായ മാർക്ക് മാത്രം നൽകിയെന്നും മനസ്സിലായി. തുടർന്ന് മത്സരാർത്ഥികൾ വിവരാവകാശ പ്രകാരം സ്‌കോർ ലിസ്റ്റ് ആവശ്യപ്പെടുകയായിരുന്നു. ഈ രേഖ ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.
സംസ്ഥാന കലോത്സവത്തിൽ മത്സരിക്കാനുള്ള അവസരം നൽകണമെന്നും മറ്റു കുട്ടികൾക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ മൂന്നാമത്തെ വിധികർത്താവിനെതിരെ നടപടി സ്വീകരിക്കണമെന്നും മത്സരാർത്ഥികൾ പരാതിയിൽ പറയുന്നുണ്ട്.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തരത്തിൽ പരാതികളുടെയും അപ്പീലുകളുടെയും മേളകൂടിയാവുമോ കലോത്സവമെന്നതാണ് കണ്ടറിഞ്ഞ് കാണേണ്ടത്.
പരാതികളില്ലാത്ത വിധം മേള നടത്താൻ ശ്രമം: മന്ത്രി
പരാതികളില്ലാത്തവിധം മേള നടത്താനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഒരുക്കം വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന സംഘാടക സമിതി യോഗത്തിന് ശേഷം പറഞ്ഞിരുന്നു. വിധി നിർണ്ണയത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലുമാണ് സാധാരണയായി പരാതികളുണ്ടാവാറുള്ളത്. ഇത്തരം പരാതികൾ കുറയ്ക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.