
മലപ്പുറം: തെരുവുനായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) കേന്ദ്രങ്ങൾ തുടങ്ങുന്നതിൽ രണ്ട് മാസമായിട്ടും തീരുമാനമെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ. നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു നഗരസഭ പരിധിയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ ഒക്ടോബർ 18ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. മൃഗാശുപത്രി പരിധികളിലെ തദ്ദേശ സ്ഥാപനങ്ങളോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. എന്നാൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് തുടർനടപടിയെടുത്തത്. കടന്നമണ്ണ മൃഗാശുപത്രിയോട് ചേർന്നുള്ള സ്ഥലത്ത് എ.ബി.സി കേന്ദ്രം തുടങ്ങാനാണ് ധാരണ. ഇതുസംബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ യോഗം ചേർന്നിട്ടുണ്ട്. എ.ബി.സി കേന്ദ്രം നിർമ്മിക്കാൻ 70 ലക്ഷത്തോളം രൂപ ചെലവ് വരും. ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളോട് പദ്ധതി ചെലവിലേക്കുള്ള തങ്ങളുടെ വിഹിതം ലഭ്യമാക്കുന്നത് സംബന്ധിച്ച് വിവരങ്ങൾ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നിലധികം പഞ്ചായത്തുകൾക്ക് ഒരു എ.ബി.സി കേന്ദ്രമെന്ന നിലയിലാണ് പദ്ധതി നടപ്പാക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് കെട്ടിടവും ഓപ്പറേഷൻ തിയേറ്റർ അടക്കമുള്ള സൗകര്യങ്ങളും വേഗത്തിൽ ഒരുക്കാനാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ജില്ലയിൽ ഒരുമാസം ശരാശരി 150നും 200നും ഇടയിൽ പേർ തെരുവ്നായയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തുന്നുണ്ട്.
അനിമൽ ബർത്ത് കൺട്രോൾ
എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് അഞ്ച് മൃഗാശുപത്രികളിൽ സ്ഥലം കണ്ടെത്തിയിരുന്നു. കെട്ടിടം, ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഒരുക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. ഇതുസംബന്ധിച്ച് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
ഡോ.പി.യു.അബ്ദുൾ അസീസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ