
തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാല കാമ്പസിലെ സ്വിമ്മിംഗ് പൂളിൽ സർവകലാശാല ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സ്റ്റഡീസ് രണ്ടാം വർഷ വിദ്യാർത്ഥിയും എടവണ്ണ കല്ലിടുമ്പ് സ്വദേശിയുമായ ഹൈക്കു വീട്ടിൽ ഷഹാൻ (23) മുങ്ങി മരിച്ചു. ഇന്നലെ രാവിലെ നാലിനും അഞ്ചിനും ഇടയിലാണ് സംഭവം. കടുത്ത അർജന്റീന ആരാധകനായ ഷഹാനും സഹപാഠികളും ലോകകപ്പ് ഫുട്ബാൾ ഫൈനൽ മത്സരത്തിനുശേഷം ആഹ്ലാദ പ്രകടനം നടത്തി കുളിക്കാൻ സ്വിമ്മിംഗ് പൂളിലെത്തിയതായിരുന്നു. ഗേറ്റ് അടച്ചിട്ടിരുന്നതിനാൽ മതിൽ ചാടിക്കടന്നാണ് പൂളിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളി കഴിഞ്ഞ് തിരിച്ച് പോരാൻ നേരം ഷഹാനെ കാണാഞ്ഞതിനെ തുടർന്ന് കൂട്ടുകാർ നടത്തിയ തെരച്ചിലിലാണ് പൂളിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്.പിതാവ്: എടവണ്ണ എസ്.എച്ച്.എം.ജി.വി എച്ച്.എസ്.എസ് അദ്ധ്യാപകനായ പി. അബ്ദുള്ളക്കുട്ടി. മാതാവ്: എം. റുമാന. സഹോദരി: പി. ഹന്ന.