aaaaaaaaa

മലപ്പുറം: കളക്ടറേറ്റില്‍ ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ജനുവരി ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കും. മാര്‍ച്ച് 31 നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ആദ്യ ഘട്ടത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍ക്ക് ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

കൊവിഡിന് മുമ്പ് പഞ്ചിംഗ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ജീവനക്കാരുടെ ഹാജറും ശമ്പളവുമായി ബന്ധിപ്പിക്കും. പഞ്ചിംഗ് നടപ്പാക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ ആധാര്‍ അധിഷ്ഠിത ഡാറ്റാബേസ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) വഴി തയ്യാറാക്കും. പഞ്ചിംഗ് കണക്ടീവിറ്റി, പഞ്ചിംഗ് കാര്‍ഡ് എന്നിവ കെല്‍ട്രോണും സജ്ജീകരിക്കും. https://kllrdtvc.attendance.gov.in/ എന്ന ലിങ്ക് വഴി കളക്ടറേറ്റ് ജീവനക്കാര്‍ ഹാജര്‍ ഡാറ്റാബേസിനായി യൂസര്‍ രജിസ്‌ട്രേഷന്‍ നടത്തണം. നിലവില്‍ സംസ്ഥാനത്ത് പാലക്കാട്, കാസർകോട് ജില്ലകളില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഹാജര്‍ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.


സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായി കളക്ടറേറ്റില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ഡാറ്റാബേസില്‍ പേരും മറ്റു വിവരങ്ങളും ചേര്‍ത്ത് രജിസ്റ്റര്‍ ചെയ്യുന്നതിലായിരുന്നു പരിശീലനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനത്തിന് എന്‍.ഐ.സി ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ പി.പവനന്‍ നേതൃത്വം നല്‍കി.