
പെരിന്തൽമണ്ണ: ഫിനോമിനൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ പേരിൽ കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കേരള മേധാവി തൃശൂർ കൊരട്ടി തവലക്കാടൻ റാഫേലിനെ(62) പെരിന്തൽമണ്ണയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോഴിക്കോട് ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റിലെ ഡിവൈ.എസ്.പി എം. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പണം നഷ്ടപ്പെട്ടതായി പരാതി നൽകിയവരെയും തെളിവെടുപ്പിന് വിളിച്ചുവരുത്തിയിരുന്നു. പ്രതിയെ കൊണ്ടുവന്നപ്പോൾ സ്ത്രീകളടക്കമുള്ള പരാതിക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
പെരിന്തൽമണ്ണ പോലീസ് സ്‌റ്റേഷനിൽ 35 കേസുകളും മേലാറ്റൂരിൽ മൂന്നും കേസുകളുമാണുള്ളത്. സംസ്ഥാനത്താകമാനം 150 കോടിയോളം രൂപയുടെ തട്ടിപ്പിൽ ഭൂരിഭാഗം നിക്ഷേപം പെരിന്തൽമണ്ണയിൽ നിന്നാണെന്ന് അന്വേഷണ സംഘം പറഞ്ഞു. 107 കോടിയോളം രൂപയാണ് പെരിന്തൽമണ്ണയിൽ നിന്ന് മാത്രം തട്ടിപ്പ് നടത്തിയത്. 2017 ൽ പെരിന്തൽമണ്ണയിലെ ഓഫീസ് അടച്ചുപൂട്ടി. ഒളിവിലായിരുന്ന പ്രതിയെ ഈ മാസം മൂന്നിന് കോയമ്പത്തൂർ ധർമ്മപുരിയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
2005ലാണ് പെരിന്തൽമണ്ണയിൽ ഓഫീസ് പ്രവർത്തനം തുടങ്ങിയത്. നിക്ഷേപിച്ച തുക ഒൻപതു വർഷത്തിന് ശേഷം ഇരട്ടിയായി തിരികെ നൽകുമെന്നും അതുവരെ ഇൻഷ്വറൻസ് പരിരക്ഷയും വാഗ്ദാനം ചെയ്താണ് പണം സ്വരൂപിച്ചത്. വനിതകളുടക്കമുള്ളവരെ ഏജന്റുമാരാക്കിയായിരുന്നു തട്ടിപ്പ്.
ക്രൈംബ്രാഞ്ച് സംഘത്തിൽ എസ്.ഐ വി.പി. ഗിരീഷ്‌കുമാർ, ഷാജി, സുരേഷ് ബാബു, ബെൻസി എന്നിവരാണുണ്ടായിരുന്നത്.