
മലപ്പുറം: നാട്ടിലെ സകലതും വിറ്റുപെറുക്കി കിട്ടിയ 10 ലക്ഷവുമായി യമൻ സ്വദേശികളായ യാസിൻ അഹമ്മദ് അലിയും ഭാര്യ തുണീസ് അബ്ദുള്ളയും പൂനെയിലേക്ക് വരുമ്പോൾ ലക്ഷ്യം ഒന്ന് മാത്രം. കൊഞ്ചലും കളിചിരിയുമായി ഓടിച്ചാടി നടക്കേണ്ട മൂന്ന് വയസുകാരൻ മകൻ ഹാഷിം യാസിൻ എപ്പോഴും തളർന്ന് അവശനായിരിക്കുന്നതിന്റെ കാരണമറിയണം. യുദ്ധാനന്തരം ജീവിതം കലുഷിതമായ യെമനിൽ മികച്ച ചികിത്സാ സൗകര്യങ്ങളില്ല. രണ്ട് മാസം മുമ്പ് പൂനെയിലെത്തി നടത്തിയ പരിശോധനയിൽ കുട്ടിക്ക് മാരക രോഗമായ എസ്.എം.എ ആണെന്ന് കണ്ടെത്തി. ചികിത്സയ്ക്കുള്ള 24 ബോട്ടിൽ മരുന്ന് മുംബൈയിലെ ഒരു മരുന്ന് നിർമ്മാണ കമ്പനി നൽകാമെന്ന് ഏറ്റിട്ടുണ്ട്. ഇതിനായി വരുന്ന 1.50 കോടിയുടെ ചികിത്സാ ചെലവ് ഇവർക്ക് താങ്ങാനാവില്ല. ആദ്യ ഡോസായി ആറ് മാസം കൊണ്ട് 12 കുപ്പി മരുന്നാണ് നൽകേണ്ടത്. കൈയിലുള്ള പണം ഇതിനകം തീർന്നിട്ടുണ്ട്. വിസ കാലാവധി ജനുവരിയിൽ തീരും. ഇതിനുള്ളിൽ ചികിത്സ തുടങ്ങാനുള്ള നെട്ടോട്ടത്തിലാണ് യമനി കുടുംബം. സഹായം അഭ്യർത്ഥിച്ച് ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലുമെത്തി.
ഏഴ് വർഷം മുമ്പ് യമനിൽ ഒരുമിച്ചു ജോലി ചെയ്ത പത്തനംതിട്ട കോഴഞ്ചേരി നെടിയത്ത് വീട്ടിൽ ശ്രീജ - ഭർത്താവ് ഉല്ലാസ് എന്നിവരുമായി ബന്ധപ്പെട്ട് നവംബർ മൂന്നിനാണ് യമൻ കുടുംബം കേരളത്തിലെത്തിയത്. യുദ്ധം കലുഷിതമാക്കും മുമ്പ് യമൻ തലസ്ഥാനമായ സൻആയിയിലെ ആശുപത്രിയിൽ വർഷങ്ങളോളം ഇവർ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ലാബ് ടെക്നീഷ്യന്മാരായിരുന്നു ശ്രീജയും ഉല്ലാസും. അവിടത്തെ നഴ്സായിരുന്നു തുണീസ്. യാസിൻ ഫാർമസിസ്റ്റും. അക്കാലത്ത് രോഗബാധിതയായപ്പോൾ തന്നെയും മക്കളെയും പരിചരിക്കുകയും യുദ്ധമുഖത്ത് നിന്ന് പലപ്രാവശ്യം രക്ഷിക്കുകയും ചെയ്ത യാസീനെയും കുടുംബത്തെയും കൈവിടാൻ ശ്രീജയും ഉല്ലാസും ഒരുക്കമല്ല.
ആറ് മാസമേ കുഞ്ഞുഹാഷിം ജീവിക്കൂ എന്നാണ് ഡോക്ടർമാരുടെ വിധിയെഴുത്ത്. എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ മരുന്ന് നൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ ഹാഷിമിനെ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം കളക്ടർ മുഖേന മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വീണ ജോർജ്ജിനേയും കേന്ദ്ര മന്ത്രി വി.മുരളീധരനെയും ആന്റോ ആന്റണി എം.പിയെയും സമീപിച്ചിരുന്നു. എല്ലാറ്റിനും മുന്നിലുള്ളത് ശ്രീജയും ഉല്ലാസും.
ഇന്നലെ രാവിലെ പത്തോടെ പാണക്കാട്ടെത്തിയ യമനി കുടുംബത്തോട് കുട്ടിയുടെ ചികിത്സാ വിവരങ്ങൾ ചോദിച്ചറിഞ്ഞ സാദിഖലി തങ്ങൾ സർക്കാർ തലത്തിലും മറ്റു മാർഗങ്ങൾ വഴിയും ചികിത്സയ്ക്കുള്ള തുക സ്വരൂപിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ ശ്രമിക്കാമെന്ന് ഉറപ്പേകി. കേരളത്തിലുള്ളവർ നല്ല മനസിന് ഉടമകളാണെന്നും പാണക്കാട് തങ്ങളുടെ ഇടപെടൽ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും യമൻ പൗരൻ യാസീൻ അഹമ്മദ് അലി പറഞ്ഞു. ശ്രീജയും ഉല്ലാസും കാട്ടൂർ പുത്തംപള്ളി മഹല്ല് ജമാഅത്ത് പ്രതിനിധികളും യമനി കുടുംബത്തിനൊപ്പം പാണക്കാട്ടെത്തിയിരുന്നു.