kaumudi-impact

മലപ്പുറം: കാലിക്കറ്റ് വിമാനത്താവളം റൺവേ വികസനത്തിനുള്ള 14.5 ഏക്കർ ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാൻ മലപ്പുറം ജില്ലാ കളക്ടർക്ക് സർക്കാരിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച് റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി കളക്ടർക്ക് കത്തയച്ചു. ഏറ്റെടുക്കുന്ന ഭൂമി സർക്കാർ സൗജന്യമായി എയർപോർട്ട് അതോറിട്ടിക്ക് കൈമാറും.

ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ നടത്തുന്നതിന് സംസ്ഥാനതല എംപാനൽഡ് ഏജൻസികളിൽ നിന്ന് പ്രൊപ്പോസൽ വാങ്ങണം. കരിപ്പൂരിലെ ടേബിൾടോപ്പ് റൺവേ സുരക്ഷിതമാക്കാനുള്ള ഭൂമിയേറ്റെടുക്കൽ ഇഴയുന്നതായി ഡിസംബർ 10ന് കേരളകൗമുദി വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടികൾക്ക് വേഗം കൂടിയത്.

റൺവേ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ അനുമതി നൽകി ആഗസ്റ്റ് 12ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിസംബർ 31നകം ഭൂമിയേറ്റെടുത്ത് കൈമാറുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. എന്നാൽ തുടർനടപടികൾ നിലച്ചു. 2023 മാർച്ചിന് മുമ്പ് ഭൂമി കൈമാറണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യം.

നിലവിലെ റൺവേയുടെ പടിഞ്ഞാറ് പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏഴേക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റൺവേ എൻഡ് സേഫ്റ്റി ഏരിയ വികസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാലേ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കൂ. ഭൂമി നിരപ്പാക്കുന്നതിന്റെയും മറ്റു പ്രവൃത്തികളുടെയും ചെലവ് എയർപോർട്ട് അതോറിട്ടി വഹിക്കും.

 കണ്ടിജൻസി ചാർജ് ഒഴിവാക്കി

റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള അഞ്ച് ശതമാനം കണ്ടിജൻസി ചാർജ് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നൽകേണ്ടുന്ന ചാർജാണിത്.