
പുലാമന്തോൾ: രണ്ടാം പ്രളയത്തിൽ പൂർണ്ണമായും തകർന്ന പുലാമന്തോൾ പാലത്തിന് സമീപമുള്ള തടയണയ്ക്ക് ശേഷം കണ്ടേങ്കാവ് തോട്ടമുക്ക് ഭാഗത്ത് നിർമ്മിക്കാനിരുന്ന പുതിയ തടയണ പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. തകർന്നു കിടക്കുന്ന തടയണയ്ക്ക് കുറച്ച് മാറി താഴെയായാണ് പുതിയ തടയണ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസങ്ങൾ പറഞ്ഞാണ് പുലാമന്തോൾ- വിളയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വരുന്ന തടയണയുടെ നിർമ്മാണം നീണ്ടുപോകുന്നത്. ഇതോടെ തടയണയുടെ പ്രയോജനം ലഭിക്കുമായിരുന്ന പുലാമന്തോൾ, വിളയൂർ, കൊപ്പം, കുലുക്കല്ലൂർ പഞ്ചായത്തുകളിൽ വേനൽ അടുക്കുന്നതോടെ കുടിവെള്ള പ്രശ്നങ്ങളും ജലക്കമ്മിയുമുണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇപ്പോൾ എല്ലാവർഷവും മണൽചാക്കുകൾ ഉപയോഗിച്ച് താത്കാലിക തടയണ നിർമ്മിക്കുകയാണ് ചെയ്യുന്നത്.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റേതായി നിർമ്മിച്ച പഴയ തടയണ തകർന്നതോടെ എം.എൽ.എയും പഞ്ചായത്ത് അധികൃതരും ഇടപെട്ടാണ് പുതിയ തടയണ വേണമെന്ന ആവശ്യമുന്നയിച്ചത്. തുടർന്ന് കണ്ടേങ്കാവ് തോണിക്കടവ് തടയണ നിർമ്മിക്കാനായി സാദ്ധ്യതാ പഠനവും നടത്തി. എന്നാൽ തടയണ നിർമ്മിക്കാൻ കഴിയുമെന്ന് ജലസേചന വകുപ്പ് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ട് രണ്ട് വർഷത്തോളമായെങ്കിലും തുടർ നടപടികൾക്ക് കാലതാമസം നേരിടുകയാണ്. ആദ്യം 21 കോടിയും പിന്നീട് 25 കോടിയും തടയണ നിർമ്മാണത്തിനായി വേണ്ടി വരുമെന്നായിരുന്നു തീരുമാനം. എന്നാൽ തുക വീണ്ടും വർദ്ധിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ തീർന്ന് നിർമ്മാണം തുടങ്ങാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമോ എന്ന ആശങ്കയാണ് ഈ പഞ്ചായത്തുകളിലുള്ളവർക്ക്.