
മലപ്പുറം: വർഷങ്ങൾ കഴിഞ്ഞുപോകുമ്പോഴും ജില്ലാ ആസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ദുരിതത്തിന് മാറ്റമില്ല. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്ക് നടപടികളൊന്നുമില്ലാത്തതിനാൽ അസൗകര്യങ്ങളുടെ നടുവിലാണ് ഇവിടെയെത്തുന്ന യാത്രക്കാരും ജീവനക്കാരും. 29 ഷെഡ്യൂളുകളിലായി സർവീസ് നടക്കുന്ന സ്റ്റാൻഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. യാത്രക്കാർക്കുള്ള ശൗചാലയത്തിന്റെ അവസ്ഥയും പരിതാപകരമാണ്. യാത്രക്കാർക്കായി വിശ്രമ സംവിധാനങ്ങളോ ഇരിപ്പിടങ്ങളോ ഇല്ല.
ഷീറ്റ് കൊണ്ട് മേഞ്ഞ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് നിൽക്കുന്ന ചെറിയ സ്ഥലത്താണ് യാത്രക്കാരും ബസ് കാത്ത് നിൽക്കുന്നത്. മഴയും വെയിലും പൊടിശല്യവുമൊക്കെയാണ് വർഷങ്ങളായി മലപ്പുറം ഡിപ്പോയിലെത്തുന്ന യാത്രക്കാരെ വരവേൽക്കുന്നത്.
മെക്കാനിക്ക് ജീവനക്കാരുടെ എണ്ണം കുറച്ചതിനാൽ ബസുകളുടെ അറ്റകുറ്റപണികൾ നടക്കാത്തത് ട്രിപ്പുകൾ മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്. പഴയ ഒരു കെട്ടിടത്തിലാണ് വളരെ ശോചനീയാവസ്ഥയിൽ കെ.എസ്.ആർ.ടി.സി ജില്ലാ ഓഫീസുമുള്ളത്. ജില്ലാ ഓഫീസ് പെരിന്തൽമണ്ണയില്ലേക്ക് മാറ്റാൻ നീക്കം നടന്നിരുന്നു. എന്നാൽ പിന്നീട് ജില്ലാ ആസ്ഥാനത്ത് തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ടെൻഡർ നടപടികളും എങ്ങുമെത്തിയില്ല
2007 കാലത്ത് നിർമ്മാണം ആരംഭിച്ച സ്റ്റാൻഡിനുള്ളിലെ കോപ്ലംക്‌സിന്റെ പണികൾ പൂർത്തിയായിട്ടില്ല. ഇവിടെയുള്ള കടമുറികൾ വാടകയ്ക്ക് കൊടുക്കുന്നതിന് ടെൻഡർ വിളിച്ചിരുന്നു. എന്നാൽ തുക അധികമായതിനാൽ ആരും എടുത്തില്ല. കെട്ടിടത്തിലെ പണികൾ പൂർത്തീകരിക്കാത്തതും മറ്റ് പോരായ്മകളും ഇതിന് കാരണമായി.
സർവീസുകളും മുടങ്ങി
തിരൂർ, മഞ്ചേരി ചെയിൻ സർവീസ് 12 എണ്ണം ഉണ്ടായിരുന്നതാണ്. അത് മുടങ്ങി കിടക്കുകയാണ്. തീരദേശമേഖലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും വർഷങ്ങളോളം താനൂരിൽ നിന്ന് സർവീസ് നടത്തിയിരുന്ന താനൂർ തൃശൂർ, താനൂർ മലപ്പുറം സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നേരത്തെ ഉണ്ടായിരുന്ന ബംഗളൂരു, മൈസൂർ, കൊയമ്പത്തൂർ തുടങ്ങിയ ദീർഘദൂര സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമേറെയാണ്.
നിലവിൽ ഊട്ടിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് ദീർഘദൂര സർവീസുള്ളത്. പാലക്കാട്, കോഴിക്കോട് ഭാഗങ്ങളിലേക്കാണ് ഇപ്പോൾ കൂടുതൽ ബസുകൾ ഉള്ളത്. മൂന്നാറിലേക്കുള്ള ഉല്ലാസയാത്ര വൻ വിജയമായി തുടരുന്നുണ്ട്. ആഴ്ചയിൽ രണ്ടും മൂന്നും ട്രിപ്പുകളൊക്കെ ഇപ്പോഴും പോകുന്നുണ്ട്.