p-k-kunjalikkutty

"എന്നെ കൊല്ലാൻ വന്നാൽപോലും വെറുതെവിട്ടേക്കും. ഞാൻ ഒരുപാട് വേട്ടയാടലിന് ഇരയായ ആളാണ്, ഒരു വേട്ടയാടലിന് പിറകെയും ഞാൻ പോയിട്ടില്ല. തിരിച്ചു ഒരുകേസും കൊടുത്തിട്ടില്ല. പക്ഷേ ഇത് ഞാൻ വെറുതെ വിടുന്ന പ്രശ്നമില്ല. ഇത് ഷുക്കൂറിന്റെ കേസാണ്." മാദ്ധ്യമങ്ങളോട് ഇക്കാര്യം പറയുമ്പോൾ പതിവ് ശരീരഭാഷയല്ലായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടിക്ക്. അതൊന്നും ഒരു ഇഷ്യു ആക്കേണ്ടെന്ന മറുപടിയിലൂടെ ഏത് വിവാദങ്ങളെയും തണുപ്പിക്കാൻ ശ്രമിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ സംയമന ശൈലിയല്ല അരിയിൽ ഷുക്കൂർ വിവാദത്തിൽ കണ്ടത്. സമീപകാലത്ത് കുഞ്ഞാലിക്കുട്ടി ഇത്ര വൈകാരികമായി പ്രതികരിച്ച സംഭവം ഉണ്ടായിട്ടുണ്ടാവില്ല. എന്തുകൊണ്ടാവും കുഞ്ഞാലിക്കുട്ടി ഇത്രമാത്രം വൈകാരികമായി പ്രതികരിച്ചത്. അരിയിൽ ഷുക്കൂർ മുസ്‌ലിം ലീഗ് പ്രവർത്തകർക്ക് ആരാണെന്നറിയുമ്പോൾ ഏകദേശ ചിത്രം തെളിയും.

2012 ഫെബ്രുവരി 20 നാണ് കണ്ണൂർ തളിപ്പറമ്പ് പട്ടുവത്തെ അരിയിൽ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായിരുന്ന 24കാരൻ അരിയിൽ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. അരിയിൽ ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ച് ഗുരുതരാവസ്ഥയിലായ സി.പി.എം പ്രവർത്തകരെ സന്ദർശിക്കാനെത്തിയ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും ടി.വി.രാജേഷും സഞ്ചരിച്ച വാഹനത്തിനുനേരെ ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണമായിരുന്നു തുടക്കം. ആക്രമണത്തിൽ ഷുക്കൂറിന് പങ്കുള്ളതായി സി.പി.എം പ്രവർത്തകർക്ക് സൂചന ലഭിച്ചു. പിന്നാലെ ഷുക്കൂറിനെയും രണ്ടുപേരെയും ബന്ധിയാക്കി തൊട്ടടുത്തെ വയലിലെത്തിച്ചു. ഒരാളെ വിട്ടയച്ചു. മറ്റൊരാളെ വെട്ടിപരിക്കേൽപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂറിനെ പിടികൂടി. ഉച്ചയ്ക്ക് 12.30 മുതൽ രണ്ടു മണിവരെ നീണ്ട പരസ്യ വിചാരണയ്‌ക്കൊടുവിൽ ഷുക്കൂറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആറുമാസത്തിന് ശേഷം സമർപ്പിക്കപ്പെട്ട കുറ്റപത്രത്തിൽ 33 പ്രതികളാണ് ഉണ്ടായിരുന്നത്. പി.ജയരാജൻ 32 -ാം പ്രതിയായും ടി.വി.രാജേഷ് 33-ാം പ്രതിയായും പ്രതിചേർക്കപ്പെട്ടു. 2014ൽ ഷുക്കൂറിന്റെ ഉമ്മയുടെ ആവശ്യപ്രകാരം സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു. 2017 ഫെബ്രുവരിയിൽ കേസ് സി.ബി.ഐയ്ക്കു വിട്ട ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവച്ചു. 2019 ജനുവരിയിൽ ജയരാജനും രാജേഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തുന്ന അനുബന്ധ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.
അരിയിൽ ഷുക്കൂർ വധത്തിന് പിന്നാലെ മുസ്‌‌ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഉടനീളം വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഓരോ വർഷവും അരിയിൽ ഷുക്കൂറിന്റെ ഓർമ്മദിനം ആചരിച്ചു. അരിയിൽ ഷുക്കൂർ ലീഗ് പ്രവർത്തകരുടെ വികാരമായി മാറി. യുവപ്രവർത്തകർക്കിടയിൽ ശക്തമായ സി.പി.എം വിരോധം ഉടലെടുക്കാനും ഇതു വഴിയൊരുക്കി. സി.പി.എമ്മുമായി ബന്ധം ആഗ്രഹിക്കുന്ന മുസ്‌ലിം ലീഗിലെ ഒരുവിഭാഗം നേതാക്കൾ അരിയിൽ ഷുക്കൂറിന്റെ പേര് ഉയരുന്നതിനെ ഭയപ്പെടുന്നുണ്ട്. സി.പി.എമ്മിനോട് മുസ്‌ലിം ലീഗ് മൃദുസമീപനം പുലർത്തുന്ന സന്ദർഭങ്ങളിൽ കോൺഗ്രസ് നേതാക്കൾ പോലും മനഃപൂർവ്വം അരിയിൽ ഷുക്കൂറിന്റെ പേര് ഉയർത്തിക്കാട്ടാറുണ്ട്. അരിയിൽ ഷുക്കൂർവധം ലീഗ് പ്രവർത്തകരെ എത്രമാത്രം വൈകാരികമായി സ്വാധീനിച്ചിട്ടുണ്ടെന്നത് മറ്റാരേക്കാളും വ്യക്തമായി പി.കെ.കുഞ്ഞാലിക്കുട്ടിക്കറിയാം.

ഷുക്കൂർ വധക്കേസിൽ പി.ജയരാജനെതിരെ ദുർബല വകുപ്പുകൾ ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ.കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അടിയുറച്ച് നിൽക്കുകയാണ് കണ്ണൂർ സ്വദേശിയായ അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനോട് അടുപ്പമുള്ള ആളാണ് ടി.പി.ഹരീന്ദ്രൻ എന്നാണ് പറയപ്പെടുന്നത്. ബന്ധം സുധാകരനും നിഷേധിച്ചിട്ടില്ല. ടി.പി. ഹരീന്ദ്രൻ ഉന്നയിച്ചത് ഗൗരവകരമാണെന്നും ചർച്ചചെയ്യണമെന്നും കെ.സുധാകരൻ പറയുകയും ചെയ്തു. പിന്നീട് തിരുത്തിയെങ്കിലും കൊള്ളേണ്ടവർക്ക് ഇത് കൊള്ളുകതന്നെ ചെയ്തു.

'ഇതെന്താ വെള്ളരിക്കാപ്പട്ടണമോ..മന്ത്രി വിളിച്ച് എസ്.പിയോട് പറയുന്നു. എസ്.പി ഡിവൈ.എസ്.പിയോടും, അദ്ദേഹമത് നാട്ടിലുള്ള ഒരു വക്കീലിനോടും പറഞ്ഞാൽ ഇതെല്ലാം വിശ്വസിക്കുകയല്ലേ നാട്ടിലുള്ള ആളുകൾ. അതും അരിയിൽ ഷുക്കൂർ വധക്കേസിനെ കുറിച്ച് പറയുമ്പോൾ. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ചുമത്തിയ വകുപ്പുകൾ പോരെന്ന് കണ്ട് സുപ്രീംകോടതിവരെ പോയി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് വാങ്ങിയ കേസാണിത്. ഞങ്ങൾ എത്രമാത്രം ഫൈറ്റ് നടത്തിയതാണ് ഈ കേസിൽ. അത്തരമൊരു കേസിനെക്കുറിച്ചാണ് പറയുന്നത് എന്നെങ്കിലും തോന്നണ്ടേ. കേസ് നടത്തിയവർക്കൊക്കെ ഞാനതിൽ വഹിച്ച പങ്ക് അറിയാം. വിവാദം മുറുകിയതിന് പിന്നാലെ കുഞ്ഞാലിക്കുട്ടി പറഞ്ഞ വാക്കുകളാണിത്.

സംശയമുന നീളുന്നു
" രണ്ട് മൂന്ന് ദിവസം അന്വേഷണം നടത്തിയപ്പോൾ ചില സൂചനകളൊക്കെ ഞങ്ങൾക്ക് കിട്ടിയിട്ടുമുണ്ട്. അതൊക്കെ ഊഹാപോഹങ്ങളാണ്. രണ്ട് മൂന്ന് പേരുകളൊക്കെ എയറിലുണ്ട്. കുറേ ആളുകൾ പലതും അതിന് കാരണങ്ങളും പറയുന്നുണ്ട്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഞാനിപ്പോൾ ഒന്നും പറയുന്നില്ല. ശക്തമായ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. വക്കീലിനെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതിനുള്ള കാരണങ്ങളും അറിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. സംശയമുന യു.ഡി.എഫിലേക്ക് മാത്രമല്ല,​ മുസ്‌ലിം ലീഗിലേക്കും കുഞ്ഞാലിക്കുട്ടിയോട് അടുപ്പമുള്ളവർ നീട്ടുന്നുണ്ട്.

സംഘടനാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ് മുസ്‌‌ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ കൈപ്പിടിയിൽ നിന്നും പാർട്ടിയെ വേർപ്പെടുത്തണമെന്നാഗ്രഹിക്കുന്ന ഒരുവിഭാഗം ലീഗിൽ സജീവമാണ്. ഇടതുപക്ഷത്തുള്ളവരെ മാത്രമല്ല സംശയമെന്ന് മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീമിന്റെ പ്രസ്താവനയും ഇതിനൊപ്പം വായിക്കേണ്ടതുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് എതിരായ ടി.പി.ഹരീന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പല മാദ്ധ്യമങ്ങളെയും വിളിച്ചറിയിച്ചത് അടുത്തിടെ ലീഗിൽ അച്ചടക്ക നടപടി നേരിട്ടയാളാണ്. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധർക്കൊപ്പം കോൺഗ്രസിലെ ചിലരുടെ പിന്തുണകൂടി ഈ നീക്കത്തിന് ലഭിച്ചോ എന്ന സംശയം കുഞ്ഞാലിക്കുട്ടി പക്ഷത്തിനുണ്ട്. അടുത്തിടെ സി.പി.എമ്മിനോട് പല വിഷയങ്ങളിലും ലീഗിലെ ഒരുവിഭാഗം നേതാക്കൾ മൃദുസമീപനം പുലർത്തുന്നുണ്ടെന്ന വികാരം കോൺഗ്രസ് നേതാക്കൾക്കിടയിലുണ്ട്.

നിയമസഭയിൽ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കൈകൊള്ളുന്ന നിലപാടുകൾക്ക് വിരുദ്ധമായാണ് പലപ്പോഴും ലീഗ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് കൈകൊള്ളുന്ന എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കേണ്ട കാര്യമില്ലെന്ന് ലീഗ് എം.എൽ.എമാരുടെ യോഗം പരസ്യമായി തീരുമാനിക്കുക പോലും ചെയ്തു. ഗവർണറെ സർവകലാശാലകളുടെ ചാൻസില‌ർ സ്ഥാനത്തുനിന്ന് നീക്കുന്നതിന് സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ബില്ലിനെ എതിർക്കുമെന്ന കോൺഗ്രസ് നിലപാട് ലീഗ് ഇടപെട്ട് തിരുത്തിച്ചു.

കെ.സുധാകരന്റെ ആർ.എസ്.എസ് അനുകൂല പ്രസ്താവനയോട് അതിരൂക്ഷമായാണ് ലീഗ് നേതൃത്വം പ്രതികരിച്ചത്. ഇതിൽ സുധാകരന് വലിയ അതൃപ്തിയുണ്ട്. രാജ്യസഭയിൽ ഏക സിവിൽകോഡിൽ സ്വകാര്യ ബില്ല് അവതരണ സമയത്ത് കോൺഗ്രസ് എം.പിമാരുടെ അസാന്നിദ്ധ്യം ചൂണ്ടിക്കാട്ടി പി.വി.അബ്ദുൽ വഹാബ് എം.പി പരസ്യമായി വിമർശിച്ചു. ഇതിനെയെല്ലാം ഇടതുപാളയത്തിലേക്ക് പോവാനുള്ള മുന്നൊരുക്കമായി പലരും വ്യാഖ്യാനിച്ചു. യു.ഡി.എഫ് വിടുക എന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് ഇതിനോട് താത്പര്യമുള്ള ലീഗ് നേതാക്കൾക്ക് നന്നായിട്ടറിയാം. ഇതിനുള്ള അന്തരീക്ഷം നിലനിറുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഫലത്തിൽ അരിയിൽ ഷുക്കൂറിലൂടെ കുഞ്ഞാലിക്കുട്ടിയുടെ ഇമേജിന് കോട്ടം തട്ടിക്കാനും ലീഗ് പ്രവർത്തകർക്കിടയിൽ സി.പി.എം വിരുദ്ധ വികാരം സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കളെയും ഗുണം പ്രതീക്ഷിച്ചവരെയും അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ശപഥം.