
പെരിന്തൽമണ്ണ: കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ സമാപിച്ച 35-ാമത് ദേശീയ ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന് കിരീടം. ഫൈനലിൽ 27- 23ന് കർണാടകയെ പരാജയപ്പെടുത്തി.
ചരിത്രത്തിൽ ആദ്യമായാണ് കേരളം ജൂനിയർ (പെൺ) ദേശീയ കിരീടം നേടുന്നത്. കേരളത്തിനായി അങ്ങാടിപ്പുറം പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും മരിയൻ സ്പോർട്സ് അക്കാഡമി താരവുമായ റിങ്കു ആന്റണി കളത്തിലിറങ്ങി. ജില്ലയിൽ നിന്നും ടീമിൽ ഇടംപിടിച്ച ഏക പെൺകുട്ടിയാണ് റിങ്കു.
പരിയാപുരം പാണംപറമ്പിൽ റെജിയുടെയും (ബിസിനസ്) ജെൻസിയുടെയും മകളാണ്. ദേശീയ നെറ്റ് ബാൾ, കോർഫ് ബാൾ കളിക്കാരനായ പി.എ. ജോസഫ് സഹോദരനാണ്.