railway
തിരൂർ റെയിൽവേ സ്റ്റേഷനിൽ എക്‌സൈസ് വിഭാഗം നടത്തിയ മിന്നൽ പരിശോധന.

തിരൂർ: തിരൂർ റെയിൽവേ സറ്റേഷനിലും പരിസരങ്ങളിലും എക്‌സൈസ് വിഭാഗം മിന്നൽ പരിശോധന നടത്തി. പുതുവർഷത്തെ വരവേൽക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ തിരൂരിലെ കൊറിയർ, പാഴ്സൽ സർവ്വീസുകളിലും തിരൂർ റെയിൽവേ സ്റ്റേഷനിലുമാണ് പരിശോധന നടത്തിയത്. ജില്ലയിലേക്ക് കൂടുതലായി ലഹരി പദാർത്ഥങ്ങൾ വരുന്നത് തടയുക എന്ന ലക്ഷ്യം വെച്ചാണ് ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങളുമായി പരിശോധന നടത്തിയത്. തിരൂർ റെയിൽവേ പൊലീസുമായി സഹകരിച്ച് തിരൂർ റെയിവേ സ്റ്റേഷനിൽ ഏറനാട് ട്രയിനിലും കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിലും ജനശതാബ്ദി എക്സ്പ്രസ്സിലും യാത്രക്കാരുടെ ബാഗുകളിലും പരിശോധന നടത്തി. മലപ്പുറത്ത് നിന്നെത്തിയെ ലൈക്ക എന്ന സ്നീഫർ ഡോഗും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നേതൃത്വം നൽകിയ എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് സി.ഐ ജിജി പോൾ, എക്‌സൈസ് തിരൂർ സി.ഐ ജിജു ജോസ്, എസ്.ഐ ഹോം മുഹമ്മദ് അബ്ദുൾ സലീം, ആർ.പി.എഫ് സുരേഷ് കുമാർ എന്നിവർ പറഞ്ഞു.