h

ഒറ്റപ്പാലം: ഒറ്റപ്പെടലിൽ നിന്ന് വയോജനങ്ങൾക്ക് ആശ്വാസമായി വാണിയംകുളം പഞ്ചായത്തിലെ പകൽവീട്. 65 വയസിന് മുകളിലുള്ള വയോജനങ്ങൾക്ക് ആദരവും അംഗീകാരവും ഉറപ്പാക്കുന്നതോടൊപ്പം ഭക്ഷണം, ചികിത്സ, വായനാസൗകര്യം എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. നിലവിൽ 16 ഗുണഭോക്താക്കളുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. രാവിലെയും വൈകിട്ടും ലഘു ഭക്ഷണവും ഉച്ചഭക്ഷണവും ലഭിക്കും. വ്യായാമത്തിനും ചർച്ചകൾക്കും കൂട്ടായ്മയ്ക്കുമെല്ലാം സ്‌നേഹവീട് എന്ന് പേരിട്ടിരിക്കുന്ന പകൽ വീട്ടിൽ സൗകര്യമുണ്ട്.
വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് എന്ന ലക്ഷ്യത്തിൽ വാണിയംകുളം പഞ്ചായത്തിലെ ആറാം വാർഡിൽ പറളശ്ശേരിക്കുളത്തിന് സമീപത്താണ് പകൽവീട് നിർമ്മിച്ചത്. പഞ്ചായത്തിന്റെ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് അഞ്ചുലക്ഷം ചെലവിട്ട് ആവശ്യമായ ഫർണിച്ചറുകളും സജ്ജീകരിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ ആറുലക്ഷം ചെലവിലാണ് അനുബന്ധ സൗകര്യമൊരുക്കിയത്. കൂടാതെ ദൈനംദിന പ്രവർത്തനങ്ങൾക്കായി 2022-23 വാർഷിക പദ്ധതിയിൽ പഞ്ചായത്ത് നാലുലക്ഷം വകയിരുത്തി.
1400 ചതുരശ്ര അടിയിലുള്ള കെട്ടിടത്തിൽ രണ്ട് മുറികൾ, ഹാൾ, ഡൈനിങ് ഹാൾ, അടുക്കള, വർക്ക് ഏരിയ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. കട്ടിലുകൾ, മേശ, കസേര, ടി.വി, ഫാൻ, ഫ്രിഡ്ജ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. നവംബർ ഒന്നുമുതലാണ് പൂർണമായ രീതിയിൽ പ്രവർത്തനം ആരംഭിച്ചത്.