പാലക്കാട്: 2016 ജനുവരി 15നാണ് കടപ്പാറ മൂർത്തിക്കുന്നിലെ 14 ഏക്കർ വനഭൂമി കൈയേറി ആദിവാസികൾ സമരം ആരംഭിക്കുന്നത്. അടച്ചുറപ്പുള്ള ജീവിതത്തിനായി 22 ഓളം ആദിവാസി കുടുംബങ്ങൾ നടത്തുന്ന ഭൂസമരം ഏഴാം വർഷത്തിലേക്ക് കടക്കുമ്പോഴും ഭരണകൂടം ഇവരുടെ ആവശ്യങ്ങൾക്ക് മുമ്പിൽ മുഖം തിരിക്കുകയാണ്. ഒരാഴ്ച മുമ്പ് തളികക്കല്ലിലെത്തിയ മന്ത്രി കെ.രാധാകൃഷ്ണന് തങ്ങളുടെ ദുരിതം വിവരിച്ചുള്ള നിവേദനം നൽകിയെന്ന് ഊരുമൂപ്പൻ വാസു പറഞ്ഞു. ഈ ആവശ്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ കല്ലിടുക്കിൽ കഴിയുകയാണ് ആദിവാസി കുടുംബങ്ങൾ.
2012-13ൽ ജില്ലാ പഞ്ചായത്ത് പത്തുലക്ഷം മുടക്കി കോളനിയിലേക്ക് മാത്രമായി ശുദ്ധജല പദ്ധതി നടപ്പാക്കിയെങ്കിലും നാളിതുവരെ ഒരു തുള്ളി വെള്ളം എത്തിയിട്ടില്ല. കാട്ടുചോലയിൽ നിന്ന് പൈപ്പിട്ടാണ് നിലവിൽ വെള്ളമെടുക്കുന്നത്. ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ വിനോദ സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ കാട്ടുചോലയിലെ വെള്ളം മലിനമായി. സമരത്തിന്റെ ഏഴാം വാർഷികത്തിലെങ്കിലും ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കുമോ എന്നാണിവർ കാത്തിരിക്കുന്നത്.
പാറക്കെട്ടുകൾക്കിടയിലെ ജീവിതം സാഹസം
മൂർത്തിക്കുന്നിന് താഴെ 40 സെന്റ് പാറക്കെട്ടുകൾക്കിടയിൽ ജീർണിച്ച് ഏപ്പോൾ വേണമെങ്കിലും നിലംപൊത്താമെന്ന നിലയിലുള്ള ഒറ്റമുറി കുടിലുകളിലാണ് വർഷങ്ങളായി 22 ആദിവാസി കുടുംബങ്ങൾ താമസിച്ചിരുന്നത്. മരിച്ചാൽ മൃതദേഹം സംസ്കരിക്കാൻ പോലും സ്ഥലമില്ലാതെ വന്നതോടെയാണ് ഇവർ സംഘടിച്ച് മൂർത്തിക്കുന്നിലെ വനഭൂമി കൈയേറി കുടിൽകെട്ടിയും കൃഷിയിറക്കിയും സമരം നടത്തിയത്.
സമരത്തെ തുടർന്ന് കൈയേറിയ ഭൂമി ആദിവാസി കുടുംബങ്ങൾക്ക് വീതിച്ചുനൽകാനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിയെങ്കിലും പിന്നീടത് അട്ടിമറിക്കപ്പെട്ടു. ഇതിനിടെ ആദിവാസി കുടുംബങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കി ഒരു വിഭാഗത്തെ മേലാർകോട്ടേക്ക് മാറ്റാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. മേലാർകോട് കുറച്ചുപേർക്ക് ഭൂമി കൊടുത്തെങ്കിലും വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആളുകൾ അങ്ങോട്ടു പോകാൻ തയാറായില്ല. വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങൾ ഇവിടെ തന്നെ താമസം തുടർന്നു. പാറക്കെട്ടുകൾക്കിടയിൽ നിലംപൊത്താറായ വീടുകളിലാണ് ഇപ്പോഴും ഈ കുടുംബങ്ങൾ താമസിക്കുന്നത്. മഴ പെയ്താൽ എല്ലാ വീടുകളും ചോർന്നൊലിക്കും. തേയ്ക്കാത്ത ഭിത്തികൾ പലതും വിണ്ടുകീറിയ നിലയിലാണ്.