
ഒറ്റപ്പാലം: കത്തിച്ചുവെച്ച നിലവിളക്കിന് മുമ്പിൽ അച്ഛൻ അഭ്യസിപ്പിച്ച 'വൈഷ്ണവം' അവതരിപ്പിച്ച് ഹൈസ്കൂൾ വിഭാഗം പാഠകത്തിൽ പാലക്കാട് ഭാരത് മാതാ സ്കൂളിലെ വിദ്യാർത്ഥിയായ ആദി കെ.ദാമോദരൻ ഒന്നാംസ്ഥാനം നേടിയത് ശ്രദ്ധേയമായി.
ആദ്യമായിട്ടാണ് ആദി പാഠകം പഠിക്കുന്നതും അവതരിപ്പിക്കുന്നതും. അതിലും കൗതുകം അച്ഛൻ കോശേരി ദാമോദരൻ നമ്പൂതിരി പാഠകം അഭ്യസിച്ചിട്ടില്ല എന്നതാണ്. താന്ത്രിക ചടങ്ങുകളുമായി നടക്കുന്ന ദാമോദരൻ കൂത്തും കൂടിയാട്ടവും മറ്റ് ക്ഷേത്രകളും കണ്ടും കേട്ടും ശീലിച്ചതിൽ നിന്നാണ് മകനെ പാഠകം പഠിപ്പിച്ചത്. രാവണനുമായി സന്ധിസംഭാഷണത്തിനായി അംഗദൻ ലങ്കയിലേക്ക് പോവുന്നതാണ് വൈഷ്ണവത്തിന്റെ ഇതിവൃത്തം.
ചേട്ടൻ യദു പാഠകത്തിൽ ഒരുകൈ നോക്കിയെങ്കിലും വിജയിച്ചില്ല. എന്നാൽ പരിചമുട്ടിൽ രണ്ടുതവണ സംസ്ഥാനതലത്തിൽ വിജയിയായി. അമ്മ: പ്രവിത.