ഒറ്റപ്പാലം: കലാത്സവ മത്സരവേദിയിൽ ചാക്യാരായി ആക്ഷേപഹാസ്യം ചൊരിഞ്ഞ ഹരികൃഷ്ണന്റെ പ്രകടനത്തിന് ഒന്നാംസ്ഥാനം.
ഹയർ സെക്കൻഡറി വിഭാഗം മത്സരത്തിലാണ് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം പ്ലസ് വൺ വിദ്യാർത്ഥി ഹരികൃഷ്ണൻ എസ്.നായർ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
പാഞ്ചാലീസ്വയംവരത്തിലെ ഭഗവാൻ ശ്രീകൃഷ്ണന്റെ പുറപ്പാടിന് വേദിയിൽ തനതായ അവതരണ ഭംഗി നൽകിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. പഴമ്പാലക്കോട് ശശീന്ദ്രൻ- ശ്രീപ്രഭ ദമ്പതികളുട മകനാണ്. കലാമണ്ഡലം കനകകുമാറാണ് ഗുരു. മോണോ ആക്ട്, ഇംഗ്ലീഷ് സ്കിറ്റ് എന്നിവയിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ക്ഷേത്രകല എന്ന നിലയിൽ കൂത്തിനോടുള്ള ആദരവും താല്പര്യവും ഏറെയാണെന്നും മത്സരവേദിയിൽ എത്തുന്നതിന് മാത്രമല്ല കൂത്ത് പഠിച്ചതെന്നും ഹരികൃഷ്ണൻ പറയുന്നു.