 
ഒറ്റപ്പാലം: ജില്ലാ കലോത്സവത്തിന്റെ പ്രധാന വേദികളായ എൻ.എസ്.എസ് കെ.പി.ടി സ്കൂളിനും എൽ.എസ്.എൻ എച്ച്.എസ്.എസിനും സമീപമായി 'തട്ടുകട"യെന്ന പേരിൽ ചെറിയൊരു ടീ ഷോപ്പുണ്ട്. വേദികളിലെ ഓട്ടപ്രദക്ഷിണം കഴിഞ്ഞാൽ കലോത്സവത്തിനെത്തിയവർ ഈ ടീഷോപ്പിലെത്തും. പ്ലസ് വണ്ണിന് പഠിക്കുന്ന അമ്മുവും ഒമ്പതാം തരത്തിൽ പഠിക്കുന്ന സഹോദരൻ അപ്പുവുമാണ് ഈ തട്ടുകടയിലെ താരങ്ങൾ.
അമ്മ ശാന്തിക്ക് അടുക്കളയും പിതാവ് മുരുകന് നടത്തിപ്പിന്റേയും ചുമതലയാണ്. അമ്മു തയ്യാറാക്കുന്ന ചായയ്ക്കാണ് ഏറ്റവും ഡിമാന്റ്. അപ്പു സഹായിയും. ഉഴുന്നുവടയും പഴംപൊരിയും അമ്മുവിന്റെ മാസ്റ്റർപീസാണ്. അദ്ധ്യയന ദിവസങ്ങളിൽ വൈകിട്ട് അഞ്ചിനെത്തുന്ന അമ്മു രാത്രി എട്ടര വരെ കടയിലുണ്ടാകും. പിന്നീട് വീട്ടിലെത്തി 11 വരെ പഠനം.
വലിയ നെറ്റ് വർക്കുകളുള്ള ഹോട്ടൽ ഗ്രൂപ്പ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് അമ്മുവും അപ്പുവും പരിശ്രമിക്കുന്നത്. കലർപ്പും കൃത്രിമത്വവുമില്ലാത്ത നല്ല ഭക്ഷണം കുറഞ്ഞ വിലയിൽ നൽകുന്ന ഹോട്ടലാണ് ലക്ഷ്യം. അതിനുള്ള പരിശീലനമായാണ് ഈ തട്ടുകട.
മുന്നൂർക്കോട് ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ അമ്മുവും വാണിയംകുളം ടി.ആർ.കെ എച്ച്.എസ്.എസിൽ ഒമ്പതാം തരത്തിൽ പഠിക്കുന്ന അപ്പുവും ഉയരെ കാണുന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെന്ന പ്രാർത്ഥനയിലാണ് രക്ഷിതാക്കളായ ശാന്തിയും മുരുകനും.