nakulan-and-atityan

ഒറ്റപ്പാലം: പൂരക്കളിയിലും പരിചമുട്ടിലും പരിശീലനത്തിനിടെയാണ് ആലത്തൂർ ബി.എസ്.എസ്.ഗുരുകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നകുലനും പത്താംതരം വിദ്യാർത്ഥി ആദിത്യനും കൈയൊടിഞ്ഞതും ടീം പ്രതിസന്ധിയിലായതും. ആദിത്യൻ പരിചമുട്ട് സംഘത്തിലും നകുലൻ പൂരക്കളി സംഘത്തിലും അംഗമായിരുന്നു.

കലോത്സവം തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പാണ് ആദ്യത്യന്റെ ഇടത് കൈയ്ക്ക് ശസ്ത്രക്രിയ വേണ്ടി വന്നത്. ഇതോടെ ടീമിന്റെ ആശങ്ക കനം കൂടി. നകുലന്റെ കൈ രണ്ടാഴ്ചയായി പ്ലാസ്റ്ററിട്ട നിലയിലാണ്. പ്രതിസന്ധി ഘട്ടത്തിലും രണ്ടുപേരും പരിക്ക് കാര്യമാക്കാതെ സ്കൂൾ ടീമിനൊപ്പം വേദിയിലെത്തി മത്സരിച്ചു. ഹയർ സെക്കൻഡറി പൂരക്കളിയുടെ ഒന്നാംസ്ഥാനത്തിൽ നകുലൻ ടീമിനൊപ്പം മുത്തമിട്ടു. ഹൈസ്കൂൾ വിഭാഗം പരിചമുട്ടിൽ ആദിത്യനും.