k

തൃത്താല: വർദ്ധിക്കുന്ന ആവശ്യകത പരിഗണിച്ച് ഗുണമേന്മയേറിയ കോഴിയിറച്ചി മിതമായ നിരക്കിൽ സംസ്ഥാനത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കുടുംബശ്രീ കേരള ചിക്കൻ പദ്ധതി ജില്ലയിൽ പ്രവത്തനം വ്യാപിപ്പിക്കുന്നു.

അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും കുടുംബശ്രീ അംഗങ്ങളായ കോഴി കർഷകർക്ക് സ്ഥിര വരുമാനം ഉറപ്പാക്കുന്നതിനും ആഭ്യന്തര വിപണിയുടെ 50 ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനുമുള്ള പദ്ധതിയാണിത്.

പദ്ധതിയിൽ ഉത്പാദനം മുതൽ വിപണനം വരെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് 2019 മാർച്ചിൽ കുടുംബശ്രീ ബാർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രൂപീകരിച്ചത്.

തിരഞ്ഞെടുത്ത ഫാമുകളിൽ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ ഇറച്ചിക്കോഴി കർഷകർക്ക് നൽകും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കമ്പനി തന്നെ തിരികെയെടുത്ത് കുടുംബശ്രീയുടെ കേരളചിക്കൻ ഔലെറ്റുകൾ വഴി വിപണനം നടത്തും. ഫാം ഇന്റഗ്രേഷൻ മുഖേന വളർത്തുകൂലിയിനത്തിൽ കർഷകർക്ക് പദ്ധതി മുഖേന സ്ഥിരവരുമാനം ലഭ്യമാകും. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.

കേരളാ ചിക്കൻ പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് മേഴത്തൂർ റീജൻസി ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.പി.റജീന അദ്ധ്യക്ഷയാവും. ജില്ലാ കലക്ടർ മൃൺമയി ജോഷി വിശിഷ്ടാതിഥിയാവും. കുടുബശ്രീ ബ്രോയ് ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി.ഇ.ഒ ഡോ.എ.സജീവ് കുമാർ പദ്ധതി വിശദീകരിക്കും.