rajan
തത്തമംഗലം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു

ചിറ്റൂർ: ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവൻ തട്ടിപ്പുകളും തടയാമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമ്മിച്ച തത്തമംഗലം സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡിജിറ്റൽ റീസർവേയിലൂടെ ഭൂമിയുടെ അതിര് വ്യക്തമായി മനസിലാക്കാൻ കഴിയുന്ന ഡിജിറ്റൽ വേലിയാണ് കേരളത്തിൽ ഉണ്ടാവാൻ പോകുന്നത്. സിവിൽ കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ പോലും ഭൂമിയുടെ അതിർത്തി നിമിഷങ്ങൾക്കകം കണ്ടെത്തുന്നതുൾപ്പെടെ ഇത്തരം സംവിധാനങ്ങളിലൂടെ സാധിക്കും. അഞ്ച് ജില്ലകൾ ഇതിനകം ഇ-ജില്ലകളായി മാറി. പ്ലാൻ ഫണ്ടിന് പുറമേ എം.എൽ.എമാരുടെ വിഹിതം കൂടി ഉപയോഗിക്കാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ മുഴുവൻ വില്ലേജുകളും ഒരു വർഷത്തിനകം പരസ്പരം ബന്ധിപ്പിക്കുന്ന രീതിയിലാകും. ഇതിലൂടെ വില്ലേജ് ഓഫീസുകളുമായി ബന്ധപ്പെട്ട വിവര കൈമാറ്റം വേഗത്തിലാവുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. കെ.ബാബു എം.എൽ.എ വിശിഷ്ടാതിഥിയായി. നഗരസഭാദ്ധ്യക്ഷ കെ.എൽ.കവിത, പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ്, ജില്ലാ കളക്ടർ മൃൺമയി ജോഷി, എ.ഡി.എം കെ.മണികണ്ഠൻ, അസി.കളക്ടർ ഡി.രഞ്ജിത്ത്, പങ്കെടുത്തു.

ഒരു വർഷത്തിനകം പാലക്കാടും സമ്പൂർണ ഇ-ജില്ലയാവും. റവന്യൂ വകുപ്പിൽ നടക്കുന്ന ഏറ്റവും വലിയ പ്രവർത്തനമാണ് ഡിജിറ്റൽ റീസർവേ. നാലുവർഷത്തിനകം ഡിജിറ്റൽ റീസർവേ പൂർത്തിയാകും. ഇതിനുവേണ്ട എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കി. ഡിസംബറോടെ 1200 സർവയർമാരും 3200 സഹായികളും റവന്യൂ വകുപ്പിൽ താൽക്കാലിക ജോലിക്കാരായി നിയമനം നേടും.

ഇതിന് റീ ബിൽഡ് കേരള ഇനീഷ്യേറ്റീവിലൂടെ 858.47 ലക്ഷം അനുവദിച്ചു. ഡിജിറ്റൽ സർവ്വേ ഉപകരണങ്ങൾ വാങ്ങുന്നതിന് 438 കോടിയും അനുവദിച്ചു.