aid-post
വൈദ്യുതി വിച്ഛേദിച്ചതിനാൽ ഇരുട്ടിലായ സ്റ്റേഡിയം സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ്

പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് ഒരുമാസമായി ഇരുട്ടിലായിട്ടും അനക്കമില്ലാതെ അധികൃതർ. ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിനാൽ പൊലീസുകാർക്ക് ഒരു മാസമായി മൊബൈൽ ടോർച്ചും സമീപത്തെ കടകളിൽ നിന്നുള്ള വെളിച്ചവുമാണ് ആശ്രയം. എയ്ഡ് പോസ്റ്റിനോട് ചേർന്ന മദേഴ്സ് റൂമും ഇരുട്ടിലാണ്.

ട്രാഫിക് ഡ്യൂട്ടിയുള്ള പൊലീസുകാർക്ക് പുറമെ സ്റ്റാൻഡിനകത്ത് സ്ത്രീകളുടെ സുരക്ഷക്കായി പിങ്ക് പൊലീസ് സേവനവുമുണ്ട്. വൈകിട്ട് ആറിന് ശേഷമെത്തുന്ന അമ്മമാർക്ക് ഇരുട്ടത്തിരുന്ന് വേണം കുഞ്ഞുങ്ങളെ മുലയൂട്ടാൻ. എയ്ഡ് പോസ്റ്റിൽ വൈദ്യുതി ഇല്ലാതായതോടെ വൈഫൈയും നിശ്ചലമായി.

ബിൽ അടയ്ക്കാൻ താമസം
ഏകദേശം 900 രൂപയോളമാണ് ഒരു വർഷത്തെ വൈദ്യുതി ബിൽ. നഗരസഭയാണ് ഇതടയ്ക്കേണ്ടത്. മിക്കപ്പോഴും ഡിസ്‌കണക്ഷൻ ഡേറ്റ് കഴിഞ്ഞ് വൈദ്യുതി വിച്ഛേദിച്ച് മാസങ്ങളായേ നഗരസഭ വൈദ്യുതി ബില്ലടക്കാറുള്ളൂവെന്നാണ് ആക്ഷേപം. പഴയ എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റി മദേഴ്സ് റൂമടക്കമുള്ള പുതിയത് സ്ഥാപിച്ചിട്ട് അഞ്ചുവർഷമായി.

തെരുവ് വിളക്കും നിശ്ചലം

സ്റ്റാൻഡിന് മുൻവശത്തെ സോഡിയം ലാമ്പുകൾ മിക്കതും പ്രവർത്തനരഹിതമായിട്ട് കാലങ്ങളായി. കടകളിൽ നിന്നുള്ള വെളിച്ചമാണ് യാത്രക്കാർക്ക് ആശ്രയം. രാത്രി എട്ടോടെ എയ്ഡ് പോസ്റ്റിലെ പൊലീസുകാർ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും. പിന്നെ നൈറ്റ് പട്രോളിംഗ് മാത്രമാണ് ഉണ്ടാകുക. ഹൈമാസ്റ്റ് വിളക്കും കണ്ണടച്ച സ്റ്റാൻഡിനകത്ത് മദ്യപരുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി മാറി.