
പാലക്കാട്: പുലർച്ചെ നല്ല തണുപ്പും പകൽ നല്ല വെയിലും, ഇടകലർന്ന കാലാവസ്ഥയിൽ ജില്ല പനിച്ചു വിറയ്ക്കുന്നു. പാലക്കാട് വിവിധ പ്രദേശങ്ങളിലായി ഡെങ്കി, എലിപ്പനി, മലമ്പനി എന്നിവ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്.
കഴിഞ്ഞമാസം ഒന്നു മുതൽ ഈ മാസം മൂന്നുവരെ 19 പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചപ്പോൾ 19 പേർക്ക് മഞ്ഞപ്പിത്തവും ഏഴുപേർക്ക് ഡെങ്കിപ്പനിയും ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതുകൂടാതെ പനി ബാധിച്ച് ദിവസവും ആയിരത്തിലധികം പേരാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായെത്തുന്നത്. ജില്ലയിൽ മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൊതുക് നശീകരണത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
നിർദ്ദേശങ്ങൾ
❑വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം.
❑കിണറുകളും വെള്ളം ശേഖരിക്കുന്ന ടാങ്കുകളും കൊതുകുവലകൊണ്ട് മൂടണം.
❑കൊതുക് കടിയേൽക്കാതിരിക്കാൻ ശരീരം മൂടുന്ന വസ്ത്രം ധരിക്കണം.
❑മറ്റ് സംസ്ഥാനങ്ങളിൽ താമസിച്ച് കേരളത്തിലേക്ക് തിരിച്ചുവരുന്നവരിലും അന്യ സംസ്ഥാനത്തൊഴിലാളികളിലും പനിയുണ്ടാകുമ്പോൾ രക്തപരിശോധന നടത്തി മലമ്പനിയല്ല എന്ന് ഉറപ്പുവരുത്തണം.
❑പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹികാരോഗ്യ കേന്ദ്രം, നഗരാരോഗ്യ കേന്ദ്രം, താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ മലമ്പനിക്ക് ചികിത്സ ലഭിക്കും.
 എലിമൂത്രത്തിലൂടെ വിസർജിക്കുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണമാകുന്നത്. മഴവെള്ളത്തിൽ നിന്നും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നുമാണ് പ്രധാനമായും എലിപ്പനി പകരുന്നത്. രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുമ്പോഴാണ് രോഗം ബാധിക്കുന്നത്.
 ശരീരത്തിലെ കരൾ കോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ് ബി (മഞ്ഞപ്പിത്തം). രോഗം ചികിത്സിച്ച് ഭേദമാക്കാമെങ്കിലും കുട്ടികൾ, നവജാത ശിശുക്കൾ എന്നിവരിൽ ഗുരുതരമായി വരാനിടയുണ്ട്. ഇങ്ങനെയുള്ളവരിൽ ജീവിതകാലം മുഴുവൻ കരളിന്റെ പ്രവർത്തനം പരിശോധിച്ചറിയാൻ ലിവർ ഫംഗ്ഷൻ ടെസ്റ്റുകളും കരൾ കാൻസർ പരിശോധനകളും നടത്തേണ്ടിവരും.
ജാഗ്രത കൈവിടരുത്
തൊണ്ടവേദന, മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, തലവേദന, ക്ഷീണം, തൊണ്ടയിൽ പഴുപ്പ് (ടോൺസ്‌ലൈറ്റിസ്), നടുവേദന എന്നിവ മഞ്ഞുകാലത്തെ പ്രധാന പ്രശ്നങ്ങളാണ്. തണുത്ത ആഹാരവും വെള്ളവും ഒഴിവാക്കണം. ചെറിയ ചൂടുവെള്ളത്തിൽ കുളിക്കാം. രോഗമുള്ളവർ ആവി പിടിക്കുന്നതു നല്ലതാണ്. വ്യക്തി ശുചിത്വം പ്രധാനം.
കാലിൽ നീര് വീഴുന്നുണ്ടെങ്കിൽ തലയണ വച്ച് ഉയർത്തി വയ്ക്കാം. ആസ്ത്മ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് ഉപേക്ഷിക്കരുത്. കൊവിഡ് കാലത്ത് കൃത്യമായി മാസ്‌ക് ഉപയോഗിച്ചതു പോലെ ഈ തണുപ്പ് കാലം നേരിടാനും മാസ്‌ക് നിർബന്ധമാക്കാം.