
വടക്കഞ്ചേരി: പന്നിയങ്കര ടോൾ പ്ലാസയിൽ 2023 ജനുവരി ഒന്നുമുതൽ പ്രദേശവാസികളും ടോൾ നൽകണം. നിലവിൽ ടോൾ കമ്പനി അധികൃതർ അനുവദിച്ച സൗജന്യ യാത്രാ കാലാവധി ഈ മാസം 31ന് തീരും. ഇതിനു മുമ്പായി പ്രദേശവാസികൾ ട്രോൾ പാസ് എടുക്കണമെന്നും കമ്പനി അറിയിച്ചു.
നിലവിൽ തിരിച്ചറിയൽ രേഖ കാണിച്ചായിരുന്നു പ്രദേശവാസികൾ യാത്ര ചെയ്തിരുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് പ്രദേശത്തുള്ളവർക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്. പ്രദേശവാസികളിൽ നിന്ന് മുമ്പ് ടോൾ പിരിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് നിറുത്തിയിരുന്നു.
രണ്ടുതവണ ഇത്തരത്തിൽ സൗജന്യ പാസ് നിറുത്താൻ ശ്രമിച്ചെങ്കിലും പ്രതിഷേധമുയർന്നതോടെ തുടരുകയായിരുന്നു.
ടോൾ കേന്ദ്രത്തിന്റെ 20 കിലോ മീറ്റർ പരിധിയുള്ളവർക്ക് പാസ് ലഭിക്കും. പ്രതിമാസം 315 രൂപയാണ് നിരക്ക്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസുള്ളത്. മറ്റുള്ള ടാക്സി വാഹനങ്ങൾ സാധാരണ ടോൾ നൽകി സർവീസ് നടത്തണം.