market
കുപ്പാണ്ട കൗണ്ടന്നൂരിലെ ഉഴവർ ചന്ത കെട്ടിടം

പാലക്കാട്: ചോര നീരാക്കി വിളയിച്ചെടുത്ത തക്കാളിക്ക് വിപണിയിൽ വിയർപ്പിന്റെ വിലപോലും ലഭിക്കാതെ കർഷകർ പ്രതിസന്ധിയിലായതോടെയാണ് സഹകരണ വകുപ്പ് ഇടപെട്ട് സംഭരണം കാര്യക്ഷമമാക്കിയത്. തക്കാളി മാത്രമല്ല ചിറ്റൂർ മേഖലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ പച്ചക്കറികളും സംഭരിക്കാനും ഇടിനിലക്കാരില്ലാതെ വില്പന നടത്താനും സൗകര്യമുണ്ടെങ്കിലും അവയൊന്നും ഫലപ്രദമായി ഉപയോഗിക്കാൻ അധികൃതർക്ക് താത്പര്യമില്ല.

സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഫണ്ട് വിനിയോഗിച്ച് 16 വർഷം മുമ്പ് വടകരപ്പതിയിൽ ആരംഭിച്ച 'ഉഴവർ ചന്ത' ഇടനിലക്കാർ ഇടപെട്ട് തുടക്കത്തിലേ പൂട്ടിച്ചു. ഇന്നിപ്പോൾ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കെട്ടിടങ്ങൾ പലതും പൂട്ടിക്കിടക്കുകയാണ്. പല മുറികളിലും ഹരിതകർമ സേനാംഗങ്ങൾ ശേഖരിക്കുന്ന മാലിന്യമാണ്.

പൂട്ടിക്കാൻ ചരടുവലിച്ചത് ഇടനിലക്കാർ

2006 ഡിസംബർ 29ന് വടകരപ്പതി കോഴിപ്പാറ കുപ്പാണ്ട കൗണ്ടന്നൂരിൽ ഉഴവർ ചന്ത തുടങ്ങിയത്. ജില്ലാ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ 40 സെന്റ് സ്ഥലത്ത് കൃഷിവകുപ്പാണ് കോടികൾ മുടക്കി കെട്ടിടമുൾപ്പെടെ സജ്ജീകരിച്ചത്. തമിഴ്നാട് ചന്തയുടെ മാതൃകയിൽ കട മുറികൾ, സംഭരണ കേന്ദ്രം, പാർക്കിംഗ് സൗകര്യം ഉൾപ്പെടെ ക്രമീകരിച്ചു. അന്നത്തെ കേന്ദ്രമന്ത്രി മണിശങ്കർ അയ്യരായിരുന്നു ഉദ്ഘാടനം. എന്നാൽ, കേന്ദ്രം പിന്നീട് പ്രവർത്തിച്ചില്ല.

കൊള്ളലാഭം നഷ്ടമാകുമെന്നറിഞ്ഞ് ഇടനിലക്കാരാണ് ഇത് പൂട്ടിക്കാൻ ചരടുവലിച്ചത്. ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് ചന്ത ആരംഭിച്ചതെന്നും ആരോപണമുണ്ട്. വാഹനസൗകര്യം കാര്യമായി ഇല്ലാത്ത ഇവിടേക്ക് പച്ചക്കറി എത്തിക്കാൻ പ്രയാസമായതും പൂട്ടുവീഴാൻ കാരണമായി.

സമാന രീതിയിൽ പത്തിലധികം മുറികളോടുകൂടി കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാൻഡിനു സമീപത്തും ഉഴവർ ചന്തയ്ക്കു വേണ്ടി കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. എന്നാൽ, ഇവിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്.

ലക്ഷങ്ങൾ പാഴാകുന്നു

വിളവെടുക്കുന്ന പച്ചക്കറി വിലയിടിയുന്ന സമയത്തു കേടുകൂടാതെ സൂക്ഷിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി എരുത്തേമ്പതി ഐ.എസ്.ഡി ഫാമിനകത്ത് പച്ചക്കറി ശീതീകരണ ശാല നിർമ്മിച്ചിട്ടുണ്ട്. ശീതീകരണ സംവിധാനങ്ങൾക്ക് തന്നെ ലക്ഷങ്ങൾ വിലയുണ്ട്. ആർക്കും ഉപയോഗമില്ലാതെ കിടന്നു നശിക്കുകയാണിവ.

വടകരപ്പതി 'പച്ചക്കറി ഗ്രാമം'

വടകരപ്പതിയിൽ 35 സംഘങ്ങളിലായി 400ഓളം കുടുംബങ്ങളാണ് 450 ഏക്കറിലേറെ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്നത്. തക്കാളി, വെണ്ട, വഴുതന, മുളക്, പയർ, മത്തൻ, കുമ്പളങ്ങ, പാവൽ, പടവലം, പീച്ചിങ്ങ എന്നിവയാണ് പ്രധാന വിളകൾ. ആഴ്ചയിൽ രണ്ടുതവണ വിളവെടുക്കും. ഇടനിലക്കാർ ഇവ കർഷകരിൽ നിന്ന് തുച്ഛ വിലയ്ക്ക് വാങ്ങി വേലന്താവളത്തും തമിഴ്നാട്ടിലെ വിവിധ മാർക്കറ്റുകളിലുമെത്തിച്ച് കൊള്ള ലാഭം കൊയ്യുന്നു.