shanoj
പൂത്തുലഞ്ഞു നില്ക്കുന്ന മട്ടോവ ചെടിക്കു മുന്നിൽ ഷനോജ്

ചിറ്റൂർ: പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ വ്യാപകമായ 'മട്ടോവ" വീട്ടുമുറ്റത്ത് രണ്ടാം തവണയും പൂവിട്ടതിന്റെ സന്തോഷത്തിലാണ് പൊൽപ്പുള്ളി പൊന്നതൊട്ടംകളം ഷനൂജ്. റെയിൻബോ മട്ടോവ, ഗ്രീൻ മട്ടോവ, പർപ്പിൾ മട്ടോവ എന്നിങ്ങനെ വിവിധ ഇനങ്ങളുണ്ടെങ്കിലും ഇതിൽ ഏറ്റവും മധുരമുള്ള പർപ്പിൾ മട്ടോവയാണ് ഷനൂജിന്റെ തോട്ടത്തിൽ രണ്ടാം തവണവും പൂവിട്ടത്.

കട്ടിയുള്ള പുറംതോടും അകത്ത് റംബൂട്ടാനോട് സാമ്യമുള്ള മാംസളമായ അകക്കാമ്പുമാണ് മട്ടോവയ്ക്ക്. ചെറിയ കുരുവിന് ചുറ്റും എളുപ്പം വേർതിരിക്കാവുന്ന മട്ടോവ അതിരുചികരമാണ്. ഒക്ടോബറിൽ പൂവിടുന്ന മട്ടോവ 45 ദിവസം കൊണ്ട് പഴുത്ത ഫലം നൽകും. തുടക്കത്തിൽ പച്ച നിറത്തിൽ കാണുന്ന പഴം പിന്നീട് മെറൂണാകും. പുഴുക്കുത്ത് വളരെ കുറവാണ്. മൂന്നുമുതൽ നാലുവർഷം കൊണ്ട് ഫലം നൽകുന്ന മട്ടോവ കേരളത്തിലെ ഫലവൃക്ഷ വിപണിയിൽ മിന്നുംതാരമാണ്.

ലെയർ ചെയ്ത തൈകൾ ഒരുവർഷം കൊണ്ട് പൂവിടും. ശാഖകൾ കമ്പികെട്ടി ട്രെയിൻ ചെയ്യാം. സ്ഥലപരിമിതിയുള്ളവർക്ക് ഡ്രമ്മിൽ നടാം. അല്ലെങ്കിൽ പ്രൂണിംഗിന് വിധേയമാക്കാം. കാര്യമായ വളപ്രയോഗമോ ജലസേചനമോ ആവശ്യമില്ല. കുലകുലയായി ധാരാളം പൂക്കളുള്ളത് കൊണ്ടും പൂപൊഴിച്ചിൽ കുറവായതിനാലും മികച്ച വിളവ് ലഭിക്കും. കേരളത്തിൽ റംബൂട്ടാനെക്കാൾ വാണിജ്യ സാദ്ധ്യതയുള്ള പഴകൃഷിയാണിത്.