
പാലക്കാട്: കൃഷിവകുപ്പ് പുനരാവിഷ്കൃത വിള ഇൻഷുറൻസ് പദ്ധതി പ്രകാരം 27 ഇനം വിളകൾക്ക് പരിരക്ഷ ലഭിക്കും. നെൽകൃഷിയിൽ കീടബാധ മൂലമുള്ള നാശനഷ്ടങ്ങൾക്കും സംരക്ഷണം കിട്ടും. കീടബാധ കൃഷിഭവനിലറിയിച്ച് നടപടിയെടുത്ത ശേഷവും നഷ്ടമുണ്ടായാലേ നഷ്ടപരിഹാര തുക കിട്ടൂ.
അത്യാഹിതം സംഭവിച്ചാൽ കൃഷിഭവൻ ഉദ്യോഗസ്ഥരെ വിവരം അറിയിച്ച് എഫ്.ഐ.ആർ രേഖപ്പെടുത്തണം. 15 ദിവസത്തിനകം ഓൺലൈൻ, എയിംസ് മൊബൈൽ ആപ്പ് വഴിയോ അപേക്ഷിക്കാം. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുന്നത് വരെ നാശനഷ്ടം സംഭവിച്ച വിള അതേപടി നിലനിറുത്തണം. പരിശോധനയിൽ അർമെന്ന് കണ്ടെത്തിയാൽ അക്കൗണ്ട് വഴി കർഷകന് നഷ്ടപരിഹാരം നൽകും.
ഓൺലൈൻ അപേക്ഷ
പദ്ധതി അംഗമാകാൻ https://www.aims.kerala.gov.
അംഗത്വം എടുക്കാം
സർക്കാർ നിരക്കിലും നിബന്ധനകൾക്കും വിധേയമായി പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം. സ്വന്തമായോ പാട്ടത്തിനോ കൃഷിയിറക്കുന്ന കർഷകർക്ക് ഈ പദ്ധതിയിൽ അംഗമാകാം. ഗ്രൂപ്പ് ഫാമിംഗുള്ള പാടശേഖരങ്ങളിൽ ഗ്രൂപ്പടിസ്ഥാനത്തിലോ വ്യക്തിഗതമായോ ചേരാം. വിളകൾക്കുണ്ടാകുന്ന പൂർണ നാശത്തിന് മാത്രമേ ഇൻഷുറൻസ് ആനുകൂല്യമുള്ളൂ. അത്യാഹിതം സംഭവിക്കുമ്പോൾ നാശനഷ്ടം പരമാവധി കുറയ്ക്കാൻ സാദ്ധ്യമായ നടപടി കർഷകർ സ്വീകരിക്കണം. ഉല്പാദന ക്ഷമത കുറഞ്ഞതും പ്രായാധിക്യമുള്ളതുമായ വൃക്ഷ വിള രജിസ്റ്റർ ചെയ്യരുത്.
നഷ്ടപരിഹാരം
നെൽകൃഷിക്ക് 50 ശതമാനത്തിലധികം നാശനഷ്ടമുണ്ടായാൽ അത് പൂർണമായി കണക്കാക്കി തുക ലഭിക്കും.
ഇഞ്ചി, മഞ്ഞൾ, നിലക്കടല, എള്ള്, പച്ചക്കറി, പയർവർഗം, മരച്ചീനി, മറ്റ് കിഴങ്ങുവർഗം, ഏലം, വെറ്റില എന്നീ വിളകൾക്ക് ഇൻഷുറൻസ് ചെയ്ത വിസ്തൃതിയുടെ കുറഞ്ഞത് 10% നാശനഷ്ടമുണ്ടായാലേ നഷ്ടപരിഹാരം ലഭിക്കൂ.
ഹ്രസ്വകാല വിള ഇൻഷുറൻസ് കാലയളവ് പ്രീമിയമടച്ച് ഒരാഴ്ച മുതൽ വിളവെടുപ്പ് തുടങ്ങുന്നത് വരെയാണ്.
ദീർഘകാല വിളകൾക്ക് നട്ട് നിശ്ചിത സമയം മുതൽ കായ്ച് തുടങ്ങുന്നത് വരെ.
കർഷകന് ഒരു പോളിസിൽ ഒന്നിൽ കൂടുതൽ തവണ ക്ലെയിമിന് അപേക്ഷിക്കാം.
ഒരു തീയതിയിൽ ഒരപേക്ഷ മാത്രമേ നൽകാനാകൂ.
അപേക്ഷിക്കേണ്ട വിധം
പ്രകൃതിക്ഷോഭം/ വന്യമൃഗ ആക്രമണം കാരണമുള്ള വിളനാശം സംഭവിച്ച് 15 ദിവസത്തിനകം അപേക്ഷിക്കണം.
അപേക്ഷയോടൊപ്പം നികുതിച്ചീട്ട്, പോളിസി, ഫോട്ടോ എന്നിവ വേണം. അഞ്ചുദിവസത്തിനകം ഫീൽഡ് വെരിഫിക്കേഷൻ പൂർത്തിയാക്കി മൂന്നുമാസത്തിനകം ആനുകൂല്യം ലഭിക്കും.
പ്രകൃതിക്ഷോഭം കാരണം വിളനാശത്തിന് ആനുകൂല്യം ലഭ്യമാകുന്നതിന് എയിംസ് പോർട്ടൽ മുഖേന വിളനാശം സംഭവിച്ച് 10 ദിവസത്തിനകം അപേക്ഷയും കരമടച്ച രസീതിന്റെ പകർപ്പ്, ഫോട്ടോ എന്നിവ കൃഷിഭവനിൽ നൽകണം. ആനുകൂല്യം അക്കൗണ്ട് വഴി നൽകും.