അയിലൂർ: കനാൽ വെള്ളം ലഭിക്കാതായതോടെ രണ്ടാംവിള നെൽകൃഷിയിറക്കാൻ കഴിയാതെ കർഷകർ. അയിലൂർ കൃഷിഭവന് കീഴിലെ താമരക്കുളം പാടശേഖരത്തിലെ 30ലധികം കർഷകരാണ് ഞാറ്റടി തയ്യാറാക്കി നടീൽ നടത്താൻ കഴിയാതെ ദുരിതത്തിലായത്. പോത്തുണ്ടി അണക്കെട്ടിൽ നിന്ന് ജലസേചന കനാലുകൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ഈ ഭാഗത്തേക്ക് ഇനിയും വെള്ളമെത്തിയിട്ടില്ല. ഇതുമൂലം 60 ഏക്കർ നെൽപ്പാടമാണ് പൂട്ടിമറിക്കാതിരിക്കുന്നത്.
രണ്ടാം വിളയിറക്കുന്നതിനായി കർഷകർ മൂപ്പ് കുറഞ്ഞ വിത്തിനങ്ങൾ ഉപയോഗിച്ച് ഞാറ്റടി തയ്യാറാക്കിയിട്ടുണ്ട്. ജലദൗർലഭ്യത കാരണം തൊട്ടടുത്ത കുഴൽ കിണറുകളിൽ നിന്നും മറ്റും വെള്ളം പമ്പ് ചെയ്താണ് ഞാറ്റടി സംരക്ഷിക്കുന്നത്. തൊട്ടടുത്തുള്ള പാടശേഖരങ്ങളിലെല്ലാം പോത്തുണ്ടി കനാൽ വെള്ളം എത്തി നടീലും ഒന്നാം വളവും ഇട്ടുകഴിഞ്ഞു.
പാടശേഖരത്തിലേക്ക് വെള്ളമെത്തുന്ന പ്രധാന കനാലിൽ നിന്നുള്ള ഉപകനാലുകളിലെ പുല്ല് വെട്ടിമാറ്റിയെങ്കിലും പൂർണമായി വെള്ളമൊഴുകാൻ കഴിയാത്ത സ്ഥിതിയാണ്. ഇവ അടിയന്തരമായി നവീകരിച്ച് വെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്.എം.ഷാജഹാൻ ആവശ്യപ്പെട്ടു.