h

കൊല്ലങ്കോട്: കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ടു ഡോക്ടർമാരുടെ സേവനം ലഭ്യമാണെങ്കിലും മരുന്നുകൾ വാങ്ങാൻ സ്വകാര്യ മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് രോഗികൾക്ക് ആശ്രയം. പകൽ രോഗികളെക്കൊണ്ട് നിറയുന്ന ആശുപത്രിയിൽ ചികിത്സ കിട്ടുന്നതൊഴിച്ചാൽ മറ്റ് സേവനങ്ങളെല്ലാം പേരിനുമാത്രമാണ്.

മേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒട്ടേറെ പേർ ചികിത്സയും മരുന്നും സൗജന്യമായി ലഭിക്കുമെന്നതിനാലാണ് സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നത്. കഫ് സിറപ്പുകൾ, ആന്റിബയോട്ടിക് ഗുളികകൾ, വേദന സംഹാരികൾ തുടങ്ങിയവയൊന്നും നിലവിൽ ഇവിടെ ലഭ്യമല്ല. പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ ആവശ്യത്തിന് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.

മരുന്നിന് സ്വകാര്യ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കുന്നതിനാൽ ചുരുങ്ങിയത് 300 മുതൽ 500 രൂപ വരെ രോഗികൾക്ക് ചികിത്സയ്ക്കായി അധികം ചിലവാക്കേണ്ടി വരുന്നുണ്ട്.