
❏360 കോടി രൂപ ചെലവിൽ കെ.എസ്.ടി.പിയാണ് പുനർനിർമ്മിക്കുന്നത്.
❏നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്.
❏ പണി പൂർത്തിയായാൽ പാലക്കാട് നിന്ന് പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കുള്ള എളുപ്പം എത്താനാകും.
പാലക്കാട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിലും മുണ്ടൂർ - തൂത സംസ്ഥാന പാതയിലും നിർമ്മാണം അന്തിമഘട്ടത്തിലേക്ക്. ദേശീയപാതയിൽ താണാവ് മുതൽ നാട്ടുകൽ വരെ 43.72 കിലോമീറ്ററും സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂതവരെ 37 കിലോമീറ്ററിന്റെയും നിർമ്മാണമാണ് അതിവേഗം പുരോഗമിക്കുന്നത്. നിലവിലെ രണ്ടുവരി പാതയാണ് 14 മീറ്റർ വീതിയിൽ നാലുവരിയാക്കുന്നത്. മലമ്പുഴ, കോങ്ങാട്, ഒറ്റപ്പാലം, ഷൊർണൂർ മണ്ഡലങ്ങളിലൂടെ പോകുന്ന പ്രധാനപാതയെ റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 360 കോടി രൂപ ചെലവിൽ കെ.എസ്.ടി.പിയാണ് പുനർനിർമ്മിക്കുന്നത്. പുനർനിർമ്മാണം പൂർത്തിയാകുന്നതോടെ പാലക്കാട് നിന്ന് ഗതാഗതക്കുരുക്കില്ലാതെ പെരിന്തൽമണ്ണ, കോഴിക്കോട് ഭാഗത്തേക്കുള്ള എളുപ്പം എത്താനാകും.
നാട്ടുകൽ മുതൽ താണാവ് വരെയുള്ള പാതയിൽ ടാറിംഗ് നടക്കുകയാണ്. അടുത്ത വർഷം പകുതിയോടെ ജോലികളെല്ലാം തീർക്കാനുള്ള തീവ്രശ്രമത്തിലാണ് ദേശീയപാത അതോറിറ്റി. പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് മേൽനോട്ടം. മറ്റ് റോഡുകളുടെ നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമായി ഇ.പി.സി (എൻജിനിയറിംഗ് പോഗ്രൂർമെന്റ് ആൻഡ് കൺസർവേഷൻ മോഡ്) കരാറിലൂടെയാണ് റോഡ് നിർമ്മാണം നടക്കുന്നത്. റോഡ് പണി പൂർത്തിയാക്കി നാല് വർഷത്തിനകം റോഡിൽ എന്ത് പ്രശ്നങ്ങളുണ്ടായാലും അത് പരിഹരിക്കേണ്ട ഉത്തരവാദിത്വം കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ്.
യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും
മുണ്ടൂർ-തൂത പാതയിൽ ചെർപ്പുളശേരി വരെയുള്ള 30 കിലോമീറ്റർ അടുത്ത മേയ് 30നകം പൂർത്തിയാക്കാനാണ് ശ്രമം. ഓവുചാൽ നിർമ്മാണം, വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കൽ, റോഡിന് ഇരുവശവും ടൈൽ പതിക്കൽ, സീബ്രാലൈനുകൾ, സംരക്ഷണഭിത്തി, കലുങ്കുകൾ, നടപ്പാത, ക്രാഷ് ബാരിയർ, ബസ് ബേ, ബസ് ഷെൽട്ടർ എന്നിവയടക്കം മുഴുവൻ ജോലികളും യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി വ്യക്തമാക്കി.