 
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലയ്ക്ക് വീണ്ടും കിരീടം നേടിക്കൊടുത്തതിൽ പ്രധാന പങ്ക് വഹിച്ച കല്ലടി എച്ച്.എസ്.എസ് വീണ്ടും നാടിന് അഭിമാനമായി മാറി. സ്കൂളുകളിൽ സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനം നേടി തിരിച്ചെത്തിയ കായിക താരങ്ങൾക്ക് നാട് ആവേശകരമായ വരവേൽപ്പ് നൽകി.
നെല്ലിപ്പുഴയിൽ നിന്നാരംഭിച്ച പ്രകടനം ബ്ലോക്ക് പ്രസിഡന്റ് കെ.പി.ബുഷ്റ ഉദ്ഘാടനം ചെയ്തു. കെ.പി.എസ് പയ്യനടം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.സി.കെ.സെയ്താലിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ളാദ പ്രകടനത്തിൽ ജനപ്രതിനിധികളും അദ്ധ്യാപകരും നാട്ടുകാരും അണിനിരന്നു. ആശുപത്രിപ്പടിയിൽ സേവ് മണ്ണാർക്കാട് കൂട്ടായ്മയും ചന്തപ്പടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയും ബസ് സ്റ്റാൻഡിന് സമീപം ചെയർമാൻ സി.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ നഗരസഭയും കായികതാരങ്ങളെ അനുമോദിച്ചു. കല്ലടി കോളേജിന് മുന്നിൽ വച്ച് ആവേശോജ്ജ്വല സ്വീകരണമാണ് സ്കൂളിലെ സഹപാഠികൾ നൽകിയത്. തുടർന്ന് താരങ്ങളെ സ്കൂൾ അധികൃതരും അനുമോദിച്ചു.
സംസ്ഥാന കായികമേളയിൽ 16 ഇനങ്ങളിലായി കല്ലടി സ്കൂളിനെ പ്രതിനിധീകരിച്ച് 22 കായിക താരങ്ങളാണ് മാറ്റുരച്ചത്. ഏഴ് സ്വർണവും ആറു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 54 പോയിന്റാണ് കല്ലടി നേടിയത്.