
ചിറ്റൂർ: താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ ജനുവരി മുതൽ നവംബർ വരെ നടത്തിയ പരിശോധനയിൽ അനർഹമായി കൈവശം വച്ച 987 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. ഈ കാർഡുകൾ ഉപേയോഗിച്ച് അനർഹമായി കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ വിലയായി 15,13 704 രൂപ ഈടാക്കി. നിലവിലെ കമ്പോള വില കണക്കാക്കിയാണ് വില ഈടാക്കിയതെന്ന് സപ്ലെ ഓഫീസർ പറഞ്ഞു.
അനർഹ റേഷൻ കാർഡുകൾ കണ്ടെത്താനുള്ള പരിശോധന തുടരും. താലൂക്കിൽ നിലവിലുള്ള റേഷൻ കാർഡുകളുടെ എണ്ണം 1,27,981 ആണ്. ഇതിൽ എ.എ.വൈ- 9513, മുൻഗണന വിഭാഗം- 62565, സബ്സിഡി വിഭാഗം- 17371, പൊതുവിഭാഗം- 38419, എൻ.പി.ഐ- 113 എന്നിങ്ങനെയാണ്.
പുതുതായി കുറേ കുടുംബങ്ങൾ അപേക്ഷ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നൽകിയതിൽ ഭൂരിഭാഗവും വെളള കാർഡുകളാണ്. കൃത്യമായി പരിശോധന നടത്തി അർഹതപ്പെട്ടവർക്ക് ബി.പി.എൽ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കും. ഓഫീസിലെത്തുന്ന അപേക്ഷകൾക്കും പരാതികൾക്കും കാലതാമസമില്ലാതെ പരിഹാരമേകുന്നുണ്ട്.
കിഴക്കൻ മേഖലയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 50,000ത്തിൽപ്പരം കിലോ അരി കഴിഞ്ഞ മാസങ്ങളിൽ പിടിച്ചെടുത്തിരുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ അരി സപ്ലെക്കോ ഗോഡൗണുകളിൽ സൂക്ഷിക്കുമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.