
പാലക്കാട്: ജനവാസ മേഖലകളിൽ കാണുന്ന പാമ്പുകളെ പിടികൂടി അവയുടെ ആവാസ വ്യവസ്ഥയിൽ വിട്ടയക്കുന്ന സാമൂഹിക സേവനത്തിൽ പങ്കാളികളാകാൻ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ സഹായം. പാമ്പുകളെ പിടിക്കുന്നതിന് 20-22 പേർ അടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. ജില്ലയിൽ പൊതുജനങ്ങളുടെ മൂന്ന് ബാച്ച്, ഫോറസ്റ്റ് വാച്ചർമാരുടെ ഒരു ബാച്ച് എന്നിങ്ങനെയാണ് പരിശീലനം നടത്തുക. കഴിഞ്ഞ ദിവസം വരെ 70ഓളം അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകരിൽ കൂടുതലും പുരുഷന്മാരാണ്. ഡിസംബർ 12നാണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി. ഈ മാസം തന്നെ പരിശീലനം ആരംഭിക്കും.
താല്പര്യമുള്ളവർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, ആരണ്യ ഭവൻ, ഒലവക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 04912555521.
പരിശീലനം ഇങ്ങനെ
> 18 മുതൽ 65 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
> പാമ്പിനെ പിടിച്ച് സുരക്ഷിതമായി സ്‌നേക്ക് ക്യാച്ച് കിറ്റിലേക്ക് മാറ്രുന്ന രീതി പഠിപ്പിക്കും.
> ഡിപ്പാർട്ട്മെന്റ് റിസോഴ്സ് പേഴ്സന്റെ നേതൃത്വത്തിൽ തിയറി, പ്രാക്ടിക്കൽ എന്നിങ്ങനെ രണ്ട് സെക്ഷനുകളിലാണ് പരിശീലനം.
> മികവ് പുലർത്തുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
> പരിശീലനം നേടിയവർക്ക് 'സർപ്പ" ആപ്പിൽ രജിസ്റ്റർ ചെയ്യാം.
> ആപ്പ് വഴി ആവശ്യക്കാർക്ക് പാമ്പുപിടിത്തക്കാരെ ബന്ധപ്പെടാം.
പൂർണമായും സുരക്ഷാ മുൻകരുതൽ എടുത്താണ് പരിശീലനം. അധികം ആക്രമണ സ്വഭാവമില്ലാത്ത പാമ്പുകളെയാണ് പരിശീലനത്തിന് ഉപയോഗിക്കുക. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് റിസോഴ്സ് പേഴ്സന്റെ അന്തിമ തീരുമാനം ലഭിച്ചാൽ പരിശീലനം നടത്തും.
-എൻ.ടി.സിബിൻ, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ.