d

ഷൊർണൂർ: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ആശ്വാസമായി വാണിയംകുളം പഞ്ചായത്തിലെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ. പഞ്ചായത്ത് പരിധിയിലെ 18ന് മുകളിൽ പ്രായമുള്ള ബുദ്ധിപരമായും മാനസികമായും വെല്ലുവിളി നേരിടുന്നവരുടെ പകൽ പരിപാലനം, സ്വാശ്രയ ജീവിത നൈപുണ്യ പരിശീലനം, തൊഴിൽ പുനഃരധിവാസ പ്രവർത്തനം എന്നിവ ലക്ഷ്യമിട്ടാണ് സെന്റർ പ്രവർത്തനമാരംഭിച്ചത്.

വിദ്യാർത്ഥികളുടെ അഭിരുചി കണ്ടെത്തി പരിശീലനം നൽകും. നവംബർ ഒന്നിന് പ്രവർത്തനമാരംഭിച്ച സെന്ററിൽ നിലവിൽ ഏഴുപേരാണ് പ്രവേശനം നേടിയത്. രാവിലെ പത്തുമുതൽ വൈകിട്ട് മൂന്നുവരെയാണ് പ്രവർത്തനം. ഒരു അദ്ധ്യാപിക, ആയ എന്നിവരാണ് സെന്ററിലുള്ളത്. ബ്ലോക്ക് പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ചാണ് കോതയൂരിൽ കെട്ടിടം നിർമ്മിച്ചത്. വിവിധ പദ്ധതികളിലൂടെ പഞ്ചായത്ത് പത്തുലക്ഷം ചെലവിൽ സെന്ററിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി. 2630 ചതുരശ്ര അടിയിൽ നിർമ്മിച്ച കെട്ടിടത്തിൽ ഇരുനിലകളിലായി മൂന്നുക്ലാസ് മുറികൾ, അടുക്കള, വർക്ക് ഏരിയ, ശൗചാലയം, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്.