p

പാലക്കാട്: സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് മഹാമാരിയുടെ ആഘാതം എന്ന വിഷയത്തിൽ മലയാളി പ്രവാസികളിൽ സർവേ ആരംഭിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 800 യൂണിറ്റുകളിലാണ് സാമ്പിൾ സർവേ. ഒന്നാംഘട്ട സർവേയുടെ ഭാഗമായി പഠനത്തിനാധാരമായ പ്രവാസികളെ കണ്ടെത്തുന്നതിന് സാമ്പിൾ യൂണിറ്റുകളിലെ മുഴുവൻ വീടുകളുടെയും പട്ടിക തയ്യാറാക്കി വരികയാണെന്ന് ജില്ലാ സാമ്പത്തിക സ്ഥിതി വിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രണ്ടാംഘട്ടത്തിൽ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളിൽ നിന്ന് ഫീൽഡ് തല ഉദ്യോഗസ്ഥർ വിശദമായ വിവരശേഖരണം നടത്തും. നിലവിൽ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴിൽ, വിദ്യാഭ്യാസം എന്നിവക്കായി പോയവരുടെ കണക്കുകളും ശേഖരിക്കും.

സർവേയുടെ ലക്ഷ്യങ്ങൾ

കൊവിഡ് കാലത്ത് പ്രവാസികൾ നേരിട്ട വെല്ലുവിളി യഥാസമയം പരിഹരിക്കുന്നതിനുള്ള സർക്കാർ പ്രവർത്തനം വിലയിരുത്തുക, തൊഴിൽരഹിതരായി തിരിച്ചെത്തി മടങ്ങാൻ കഴിയാത്തവരുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ മനസിലാക്കുക, മടങ്ങി പോകാത്തവർക്ക് തൊഴിൽ സംരംഭം ഒരുക്കുക, ഉചിതമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ രൂപപ്പെടുത്തുക, പ്രവാസികളുടെ തൊഴിൽ നൈപുണ്യം സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മനസിലാക്കുക, വിദ്യാഭ്യാസ യോഗ്യത, വിദേശത്തെ തൊഴിൽ, സാമൂഹിക പശ്ചാത്തലം എന്നിവ മനസിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ, പ്രവാസികളുടെ അഭിരുചികൾ കണ്ടെത്തുക എന്നിവ ലക്ഷ്യമാക്കിയാണ് സർവേ.