
ചിറ്റൂർ: കേരളത്തിലെ ഏറ്റവും വലിയ ഡിസ്റ്റിലറിയായി പാലക്കാട്ടെ മേനോൻ പാറ മലബാർ ഡിസ്റ്റലറി നിർമ്മാണത്തിന് കളമൊരുങ്ങുന്നു. ഏതാണ്ട് 110 ഏക്കർ വിസ്‌തൃതിയുള്ള ചിറ്റൂർ മേനോൻ പാറയിലെ പഴയ ഷുഗർ മില്ല് കോമ്പൗണ്ടിനകത്ത് മദ്യ നിർമ്മാണകമ്പനിക്കായുളള തറക്കല്ലിടൽ അടുത്ത ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ കമ്പനിക്കകത്ത് നടക്കുകയാണ്. മരങ്ങൾ മുറിച്ചു മാറ്റിയും ക്വാർട്ടേഴ്സുകൾ ഒഴുപ്പിച്ചും റോഡുകൾ വൃത്തിയാക്കിയുമുളള പ്രവർത്തികൾ തകൃതിയായി നടക്കുന്നുണ്ട്. കമ്പനിക്കകത്ത് നിരവധി ക്വാർട്ടേഴ്സുകളുണ്ട്. ഇവയിൽ ഭൂരിഭാഗം ക്വാർട്ടേസുകളിലും സർക്കാർ ഉദ്യോഗസ്ഥർ വാടക നൽകി താമസിച്ചുവരുകയാണ്. ഇവരെയാണ് ഇപ്പോൾ തിരക്കിട്ട് ഒഴിപ്പിച്ചിരിക്കുന്നത്. പഴയ ഡിസ്റ്റിലറിക്ക് സമീപമാണ് പുതിയ കമ്പനിയുടെ നിർമ്മാണം. എന്നാൽ ഇക്കാര്യങ്ങളെ കുറിച്ച് മലബാർ ഡിസ്റ്റിലറി അധികൃതർ വ്യക്തമായ വിവരങ്ങൾ നൽകുന്നില്ലെന്ന പരാതിയുമുണ്ട്.
സംസ്ഥാനത്ത് ബീവറേജസ് കടകൾ വഴി വില കുറഞ്ഞ മദ്യം സർക്കാർ നേരിട്ട് നിർമ്മിക്കുമെന്നാണ് സൂചന. ജവാൻ മദ്യത്തിനു പകരമായി മലബാർ ബ്രാണ്ടി എന്ന പേരിലാണ് പുതിയ വില കുറഞ്ഞ മദ്യം വിപണിയിലെത്തുന്നത്. സർക്കാറിനു വരുമാനവും ഏതാനുംതൊഴിലവസരങ്ങളും പ്രതീക്ഷിക്കാമെങ്കിലും അതിലേറെ ആശങ്കകളും ജനങ്ങൾക്കിടയിലുണ്ട്.
ജലക്ഷാമത്തിന് കാരണമാകുമെന്ന് ആശങ്ക
ആധുനിക രീതിയിലുള്ള ഡിസ്റ്റിലറി തുടങ്ങുന്നതോടെ കിഴക്കൻ മേഖലയിൽ വീണ്ടും രൂക്ഷമായ ജലക്ഷാമത്തിന് ഇടവരുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കമ്പനിയുടെ താഴെയുളള തടയണയിൽ നിന്ന് വെള്ളം ചോർത്താൻ ഇപ്പോൾ ഒരു കിലോ മീറ്റർ ദൂരത്തിൽ പൈപ്പ് ഇടുന്നതിനായി കമ്പനിക്കകത്ത് ജെ.സി.ബി ഉപയോഗിച്ച് ചാലുകൾ കീറിയിട്ടുണ്ട്. കൂടാതെ അഞ്ച് കുഴൽകിണറുകൾ വരെ കുഴിക്കാനുള്ള ഒരുക്കത്തിലുമാണ് അധികൃതർ. ദിനം പ്രതി രണ്ടു ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. വരട്ടയാറും കോരയാറും ഒത്തുചേരുന്ന മേനോൻ പാറ പുഴപാലത്തിനു താഴെ ഒരു തുള്ളി വെളളം പോലും കിട്ടാത്ത നിലയിലാകുമെന്ന് പരിസരവാസികൾ തന്നെ ചൂണ്ടികാട്ടുന്നു. കുഴൽ കിണറുകൾ പാടെ വറ്റിവരളുമെന്ന ആശങ്കയും ഉണ്ടെന്ന് കർഷകർ പറഞ്ഞു.