ol

പാലക്കാട്: അട്ടപ്പാടിച്ചുരം ഇറങ്ങുന്ന ദുരിത കഥകളിൽ ഒടുവിലത്തേതാണ് പൂർണ ഗർഭിണിയെ തുണിമഞ്ചലിൽ ചുമന്ന് മൂന്നര കിലോമീറ്റർ നടന്ന് ആംബുലൻസിൽ എത്തിച്ച സംഭവം.

192 ഊരുകളിലായി 34,000ത്തിലധികം ആളുകളുണ്ട് അട്ടപ്പാടിയിൽ. പ്രാക്തന ഗോത്രമായ കുറുമ്പർ താമസിക്കുന്ന പുതൂർ പഞ്ചായത്തിലെ മുരുഗള, കിണറ്റുക്കര, മേലേ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ എന്നീ ആറ് ഊരുകൾ വനത്തിനുള്ളിലാണ്. കാട്ടാറും കാട്ടുപാതയും കടന്നുവേണം ഈ ഊരുകളിലെത്താൻ. അതിസാഹസികമാണ് 180 ഓളം കുടുംബങ്ങളുടെ യാത്രയും ജീവിതവും.

 കടുക് മണ്ണ ഊരു വാസികൾക്ക് പുറം ലോകത്തേക്കുള്ള ഏക ബന്ധം ഭവാനിപ്പുഴയ്‌ക്ക് കുറുകെയുള്ള തൂക്കുപാലമാണ്. അതും കടന്ന് മൂന്നര കിലോമീറ്ററോളം വന്യമൃഗശല്യം ഉള്ള കാട്ടിലൂടെ സഞ്ചരിച്ചാൽ ആനവായി എത്താം. അവിടെ നിന്നേ വാഹനം ലഭിക്കൂ.

 മണ്ണാർക്കാട് - ആനക്കട്ടി റോഡിൽ മുക്കാലി സെന്ററിൽ നിന്ന് 11 കിലോമീറ്ററിലധികം സഞ്ചരിക്കണം മുരുഗളയും ഗലസിയും ഉൾപ്പെടെയുള്ള ഊരുകളിലേക്ക് എത്താൻ. മുക്കാലിയിൽ നിന്ന് 13 കിലോമീറ്റർ അകലെ ആനവായ് വരെ ഇന്റർലോക്ക് ചെയ്ത റോഡുള്ളതാണ് ആശ്വാസം. ഇതുവഴി ജീപ്പ് സർവീസുണ്ട്. പിന്നീട് വനത്തിലൂടെ നടക്കണം. മഴക്കാലത്തും രാത്രിയിലും വനത്തിലൂടെയുള്ള നടത്തം ഭയാനകമാണ്.

 ചെറുനാലിത്തോട് കടന്നാലേ മുരുഗള, കിണറ്റുക്കര ഊരിലുള്ളവർക്ക് വീടുകളിലെത്താനാവൂ. തോടിന് 30 അടി വീതിയുണ്ട്. മരത്തടികൾ കെട്ടി, പാറക്കെട്ടുകൾക്ക് മുകളിൽവച്ച് അതിന് മുകളിലൂടെയാണ് യാത്ര. കാലുവയ്ക്കാൻ മാത്രം വീതിയുള്ള പാലം. തെന്നിയാൽ കുത്തിയൊഴുകുന്ന തോട്ടിൽ വീഴും. ഇവിടെയും പാലം വേണമെന്നാണ് ആവശ്യം.

 റോഡിന് കടമ്പകളേറെ

വനംവകുപ്പിന്റെ പ്രശ്നങ്ങളാണ് മുരുഗള ഉൾപ്പെടെ ആറ് ഊരുകളിൽ റോഡും വൈദ്യുതിയും ഇല്ലാത്തതിന് കാരണം. ഊരുകളെല്ലാം സംരക്ഷിത വനത്തിലാണ്. റോഡും പാലവും നിർമ്മിക്കാൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അടക്കം അനുമതി വേണം. വനാവകാശ നിയമപ്രകാരമുള്ള ഡെവലപ്‌മെന്റ് റൈറ്റ്സ് കൊടുത്താലേ റോഡും മറ്റ് സൗകര്യങ്ങളും നടപ്പാക്കാനാവൂ.