house

മുതലമട: പറമ്പിക്കുളത്ത് ഭവന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന ആവശ്യവുമായി ആദിവാസികൾ. വിവിധ സർക്കാർ പദ്ധതിയിൽ വീട് പാസായ പറമ്പിക്കുളത്തെ ആദിവാസികൾക്ക് തുക കൃത്യമായി വിനിയോഗിക്കാൻ സാധിക്കാത്തതും ലഭിച്ച തുക മതിവരാത്തതും മൂലം വീടിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്.

കുരിയാർകുറ്റി, തേക്കടി, അല്ലിമൂപ്പൻ, 30 ഏക്കർ, ഒറവൻപാടി കോളനികളിലാണ് 70ലധികം വീടുകൾ പാതി വഴിയിൽ നിർമ്മാണം നിലച്ചിരിക്കുന്നത്. ഭൂരിഭാഗം വീടുകളുടെയും മേൽക്കൂരകളുടെ കോൺക്രീറ്റ് പോലും നടന്നിട്ടില്ല. സർക്കാർ അനുവദിക്കുന്ന തുകയിൽ വീട് നിർമ്മാണത്തിന്റെ ഓരോഘട്ടങ്ങളും കൃത്യമായി നിർമ്മിക്കാൻ ആദിവാസികൾക്ക് കല്ലും മണലും സിമന്റും ലഭിക്കാത്തത് പ്രതിസന്ധികൾക്ക് കാരണമായി. ഭവന നിർമ്മാണ സാമഗ്രികൾ പൊള്ളാച്ചിയിൽ നിന്നും മലകയറി പറമ്പിക്കുളം കോളനികളിൽ എത്തിക്കുന്നതിന് നാലിരട്ടിയിലധികം തുക ചെലവാകുന്നതിനാൽ സർക്കാർ നിശ്ചയിച്ച തരത്തിൽ ഓരോഘട്ടങ്ങളും നിർമ്മിക്കാൻ സാധിച്ചില്ലെന്ന് ആദിവാസികൾ പറയുന്നു.

നിർമ്മാണം പൂർത്തീകരിക്കാൻ കൂടുതൽ തുക അനുവദിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം. എന്നാൽ നിലച്ച വീടുകൾക്ക് കൂടുതൽ തുക ലഭ്യമാക്കി കുടുംബശ്രീയെ ഉപയോഗപ്പെടുത്തി ഭവനങ്ങൾ പൂർത്തീകരിക്കാൻ നടപടി ആരംഭിക്കുമെന്ന് പട്ടികവർഗ വകുപ്പ് അധികൃതർ പറഞ്ഞു.